കുഴിക്കാട്ടുശേരി (മാള): കുടുംബങ്ങളുടെ മധ്യസ്ഥയായ വിശുദ്ധ മറിയം ത്രേസ്യയുടെ പ്രഥമ തിരുനാൾ ആഘോഷം നാളെ നടക്കും. ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ ചടങ്ങുകൾ മാത്രമായാണ് ആഘോഷം.
വിശുദ്ധയുടെ കബറിടം സ്ഥിതിചെയ്യുന്ന കുഴിക്കാട്ടുശേരിയിലെ തീർഥകേന്ദ്രത്തിൽ നടക്കുന്ന ആഘോഷങ്ങൾ തത്സമയം ഓണ്‍ലൈനായി കാണുന്നതിനുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ഷെക്കെയ്ന ടെലിവിഷനിലും St.Mariam thresia youtube channel ലും തത്സമയം ടെലികാസ്റ്റിംഗ് ഉണ്ട്.
നാളെ രാവിലെ ഒമ്പതിനു സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ സന്ദേശത്തോടെ തിരുക്കർമങ്ങൾ ആരംഭിക്കും. ഇരിങ്ങാലക്കുട രൂപത ബിഷപ് മാർ പോളി കണ്ണൂക്കാടന്റെ മുഖ്യകാർമികത്വത്തിൽ തിരുനാൾ കുർബാന, നൊവേന എന്നിവ നടക്കും.
ഹോളിഫാമിലി സന്യാസ സമൂഹത്തിന്റെ സുപ്പീരിയർ ജനറൽ മദർ സിസ്റ്റർ ഉദയ, വികാർ ജനറൽ സിസ്റ്റർ പുഷ്പ, ജനറൽ കൗണ്‍സിലർമാരായ സിസ്റ്റർ ആനി കുര്യാക്കോസ്, സിസ്റ്റർ ഭവ്യ, സിസ്റ്റർ മാരിസ് സ്റ്റെല്ല എന്നിവരുടെ നേതൃത്വത്തിൽ തിരുനാൾ ഒരുക്കങ്ങൾ ഇതിനകം പൂർത്തിയായിട്ടുണ്ട്.
വിശുദ്ധ മറിയം ത്രേസ്യയുടെ പ്രഥമ തിരുനാൾ നാളെ
11:59 PM Jun 06, 2020 | Deepika.com