തിരുവനന്തപുരം: സംസ്ഥാനത്തു പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ഇന്നലെ മൂന്നക്കം കടന്നു. ഇന്നലെ 111 പേർക്കു രോഗം സ്ഥിരീകരിച്ചു. കേരളത്തിൽ ആദ്യമായാണ് ഒരു ദിവസം നൂറിലധികം പേർക്കു രോഗം സ്ഥിരീകരിക്കുന്നത്. ഈ മാസം അഞ്ചു ദിവസംകൊണ്ടു രോഗം സ്ഥിരീകരിച്ചത് 430 പേർക്കാണ്. സ്ഥിതി രൂക്ഷമാകുന്നെന്നും രോഗികളുടെ എണ്ണം ഇനിയും വർധിക്കുമെന്നാണു കരുതുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
ഇന്നലെ രോഗബാധിതരായവരിൽ 50 പേർ വിദേശത്തുനിന്നും 48 പേർ മറ്റു സംസ്ഥാനങ്ങളിൽനിന്നും വന്നവരാണ്. പത്തു പേർക്കു സന്പർക്കത്തിലൂടെ രോഗം പകർന്നു. രോഗം പിടിപെട്ടവരിൽ മൂന്ന് ആരോഗ്യ പ്രവർത്തകരും ഉൾപ്പെടുന്നു. സംസ്ഥാനത്ത് ഇതുവരെ 1697 പേർക്കാണു കോവിഡ് സ്ഥിരീകരിച്ചത്. 973 പേർ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നു. ഇന്നലെ 22 പേർ രോഗമുക്തി നേടി.
ഇന്നലെ പാലക്കാട് ജില്ലയിൽ 40 പേർക്കു രോഗം സ്ഥിരീകരിച്ചു. മറ്റു ജില്ലകളിൽ രോഗം സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം: മലപ്പുറം-18, പത്തനംതിട്ട- 11, എറണാകുളം -10, തൃശൂർ- 8, തിരുവനന്തപുരം- 5, ആലപ്പുഴ-5, കോഴിക്കോട്- 4, ഇടുക്കി, വയനാട് - 3 വീതം, കൊല്ലം-2, കോട്ടയം, കാസർഗോഡ്- 1 വീതം.
ഇന്നലെ വയനാട്ടിൽ മൂന്നും കണ്ണൂരിലും കോഴിക്കോട്ടും ഓരോന്നു വീതവും പ്രദേശങ്ങളെ ഹോട്ട്സ്പോട്ട് ആയി പ്രഖ്യാപിച്ചു. ആകെ 128 ഹോട്ട് സ്പോട്ടുകളാണുള്ളത്.
സംസ്ഥാനത്ത് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത് 111 പേർക്ക്
01:28 AM Jun 06, 2020 | Deepika.com