കൊച്ചി: കോവിഡ് വ്യാപനത്തെത്തുടര്‍ന്നു മലയാള സിനിമാ മേഖലയിലുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ പ്രധാന താരങ്ങളുടെയും ടെക്നീഷന്മാരുടെയും പ്രതിഫലത്തുക പകുതിയാക്കാന്‍ നിര്‍മാതാക്കളുടെ യോഗത്തില്‍ തീരുമാനം. ഇതു സംബന്ധിച്ചുള്ള തീരുമാനം താരസംഘടനയ്ക്കു നല്‍കും. നേരത്തെ കരാര്‍ ഒപ്പുവച്ച സിനിമകള്‍ക്ക് ഇതു ബാധകമാകില്ല. പുതിയ കരാറുകള്‍ക്കാകും ഇത് ബാധകമാകുകയെന്നും ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന് സെക്രട്ടറി എം. രഞ്ജിത് പറഞ്ഞു.
എന്നാല്‍ ലോക്ക് ഡൗണിനെത്തുടര്‍ന്ന് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മുടങ്ങിയ സിനിമകളുടെ ചിത്രീകരണം തുടരുന്നതു സംബന്ധിച്ച് യോഗത്തില്‍ അന്തിമ തീരുമാനമായില്ല. 26 സിനിമകളുടെ ചിത്രീകരണമാണ് ഇക്കാലയളവിൽ മുടങ്ങിയത്. ഈ സിനിമകളുടെ നിര്‍മാതാക്കളുമായി കൂടിക്കാഴ്ച നടത്തിയശേഷം ഇതു സംബന്ധിച്ച് തീരുമാനമെടുക്കാനാണ് യോഗത്തില്‍ ഭൂരിഭാഗം അഭിപ്രായം ഉയര്‍ന്നത്.
66 സിനിമകളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കവേയാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. തുടര്‍ന്ന് ഷൂട്ടിംഗും പോസ്റ്റ് പ്രൊഡക്ഷനും ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ നിലച്ചു. 26 സിനിമകള്‍ ചിത്രീകരണഘട്ടത്തിലും ബാക്കിയുള്ളവ പോസ്റ്റ് പ്രൊഡക്ഷന്‍ ഘട്ടത്തിലുമായിരുന്നു.
സൂപ്പര്‍ താരങ്ങളുടെ പ്രതിഫലം പകുതിയാക്കും
01:00 AM Jun 06, 2020 | Deepika.com