തിരുവനന്തപുരം: കാലവ൪ഷക്കെടുതി നേരിടാൻ സംസ്ഥാനത്തെ എല്ലാ വില്ലേജ് ഓഫീസ൪മാ൪ക്കും 20,000 രൂപ വീതം അഡ്വാൻസ് ആയി അനുവദിച്ച് ഉത്തരവിറങ്ങി. കാലവർഷക്കെടുതിയുമായി ബന്ധപ്പെട്ട പ്രതിരോധ നടപടികൾക്ക് ഉൾപ്പെടെ തുക വിനിയോഗിക്കാമെന്നു ദുരന്ത പ്രതികരണ വകുപ്പിന്റെ ഉത്തരവിൽ പറയുന്നു.
കാലവ൪ഷക്കെടുതി നേരിടാൻ മുൻകൂറായി പണം അനുവദിച്ചതോടെ ആവശ്യമായ ക്രമീകരണങ്ങൾ ഒരുക്കാൻ വില്ലേജ് അധികൃതർക്കു കഴിയും. മഴക്കെടുതിയുടെ ഭാഗമായി ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജമാക്കൽ, അപകടാവസ്ഥയിലുള്ള മരങ്ങൾ മുറിച്ചു നീക്കൽ, മറ്റ് അടിയന്തര പ്രവർത്തനങ്ങൾ എന്നിവയ്ക്കായി തുക അനുവദിക്കാം.
വില്ലേജ് ഓഫീസിന് ആവശ്യമായ തുക ദുരന്ത പ്രതികരണ നിധിയിൽ നിന്നു കൈമാറാൻ ജില്ലാ കളക്ടർമാ൪ക്കു നിർദേശം നൽകി. കാലവ൪ഷവുമായി ബന്ധപ്പെട്ടു തുക ചെലവഴിക്കേണ്ടി വന്നില്ലെങ്കിലും തുക ഉടനടി മടക്കി നൽകേണ്ടതില്ല. സെപ്റ്റംബ൪ 30 വരെ തുക വില്ലേജ് ഓഫീസ൪മാ൪ക്കു തുക കൈവശം സൂക്ഷിക്കാനും അനുമതി നൽകിയിട്ടുണ്ട്.
കാലവർഷക്കെടുതി നേരിടാൻ വില്ലേജുകൾക്ക് 20,000 രൂപ വീതം അഡ്വാൻസ് നൽകും
12:28 AM Jun 06, 2020 | Deepika.com