തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അന്തർ ജില്ലാ ബസ് സർവീസുകൾ പുനരാരംഭിക്കും. കെഎസ്ആർടിസി 2,190 ഓർഡിനറി സർവീസുകളും 1,037 അന്തർ ജില്ലാ സർവീസുകളുമായിരിക്കും നടത്തുക. സ്വകാര്യ ബസുകളും ഇന്നു മുതൽ സർവീസ് നടത്തും.
ബസ് ചാർജിൽ വർധന വരുത്തിയിട്ടില്ലെന്നും പഴയ നിരക്ക് തുടരുമെന്നും ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രൻ അറിയിച്ചു. നിരക്ക് വർധന വേണമെന്ന് കെഎസ്ആർടിസിയും സ്വകാര്യ ബസുടമകളും ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇക്കാര്യം പിന്നീട് ചർച്ചചെയ്യുമെന്നും മന്ത്രി പറഞ്ഞു.
ഹോട്ട്സ്പോട്ടുകളിൽ ബസിന് സ്റ്റോപ്പ് ഉണ്ടാകില്ല. പുലർച്ചെ അഞ്ചിന് ആരംഭിച്ച് രാത്രി ഒൻപതിനകം ഡിപ്പോകളിൽ എത്തിച്ചേരുന്ന തരത്തിലാണ് കെഎസ്ആർടിസി സർവീസുകൾ നടത്തുക. തൊട്ടടുത്ത രണ്ടു ജില്ലകളെ ബന്ധിപ്പിച്ചുള്ള എല്ലാ സർവീസുകളും ഇന്ന് ആരംഭിക്കും. യാത്രക്കാർക്ക് എല്ലാ സീറ്റുകളിലും ഇരുന്ന് യാത്ര ചെയ്യാം. നിന്നുള്ള യാത്ര ഒരു സർവീസിലും അനുവദിക്കില്ലെന്ന് കെഎസ്ആർടിസി നേരത്തെതന്നെ വ്യക്തമാക്കിയിട്ടുണ്ട്.
യാത്രക്കാർ നിർബന്ധമായും മാസ്ക് ധരിക്കുക, യാത്രയ്ക്ക് മുൻപും ശേഷവും കൈകൾ സാനിട്ടൈസ് ചെയ്യുക എന്നീ നിർദേശങ്ങൾ തുടർന്നും നടപ്പിലാക്കും. എന്തെങ്കിലും തരത്തിലുള്ള രോഗമുള്ളവർ യാത്ര ചെയ്യരുത്. കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച ഇളവുകളുടെ അടിസ്ഥാനത്തിലാണ് കേരളം ബസ് സർവീസിന് ഇളവുകൾ നൽകി മാർഗനിർദേശം പുറപ്പെടുവിച്ചത്.
അന്തർജില്ലാ ബസ് സർവീസുകൾ ഇന്നു മുതൽ
01:02 AM Jun 03, 2020 | Deepika.com