കോട്ടയം: താഴത്തങ്ങാടി പാറപ്പാടത്തു ദന്പതിമാരെ ആക്രമിച്ചു ഭാര്യയെ കൊലപ്പെടുത്തിയതിൽ ഇരുവരുടെയും തലയ്ക്കു മാരകക്ഷതമേറ്റതായും മോഷണം മാത്രമായിരുന്നില്ല പ്രതിയുടെ ലക്ഷ്യമെന്നും അന്വേഷണസംഘം.
കൊല്ലപ്പെട്ട ഷീബയുടെ തലയ്ക്കു ഭാരമേറിയ മൂർച്ചയില്ലാത്ത ആയുധം ഉപയോഗിച്ചു മാരകമായുള്ള അടിയേറ്റിട്ടുണ്ട്. പുറമേ ചതഞ്ഞ്, തലയോട്ടിപൊട്ടി ആന്തരിക രക്തസ്രാവം ഉണ്ടായതാണ് ഷീബയുടെ മരണത്തിനു കാരണമെന്നാണു പോസ്റ്റ്മോർട്ടം റിപ്പോർട്ട്. സംഭവത്തിനു പിന്നിൽ മോഷണം മാത്രമായിരുന്നില്ല ലക്ഷ്യമെന്നും, വീടുമായി അടുപ്പമുള്ളവരാണു പിന്നിലെന്നും പോലീസ് സംശയിക്കുന്നു. പോസ്റ്റ്മോർട്ടത്തിനുശേഷം ഷീബയുടെ മൃതദേഹം കോട്ടയം തിരുനക്കര താജ് ജുമാമസ്ജിദിൽ കബറടക്കി.
തിങ്കളാഴ്ച വൈകുന്നേരം നാലരയോടെയാണു പാറപ്പാടം ഷാനി മൻസിലിൽ മുഹമ്മദ് സാലി (65), ഷീബ (60) എന്നിവരെ വീടിനുള്ളിൽ ആക്രമിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു കൊണ്ടു പോകുന്നതിനിടെ ഷീബ മരിച്ചു. തലയ്ക്കു മാരകമായി അടിയേറ്റ് ഷീബയുടെ തലയോട്ടി പൊട്ടിയിട്ടുണ്ട്. സാലിയുടെ തലയ്ക്കും സമാനരീതിയിലുള്ള അടിയേറ്റിട്ടുണ്ട്. മൂക്കിന്റെ പാലത്തിനും തലയോട്ടിക്കും പൊട്ടൽ സംഭവിച്ചിട്ടുണ്ട്. മെഡിക്കൽ കോളജ് ആശുപത്രി ട്രോമ കെയർ യൂണിറ്റിലെ വെന്റിലേറ്ററിലാണ്.
തിങ്കളാഴ്ച രാവിലെ ഒന്പതിനും പത്തിനും ഇടയിലാണ് ആക്രമണം നടന്നതെന്നാണു പോലീസിന്റെ പ്രാഥമിക നിഗമനം. മോഷണം നടന്ന കാറുമായി പ്രതി താഴത്തങ്ങാടിയിലെ പ്രധാന റോഡിലേക്കു കയറുന്ന സിസിടിവി കാമറാദൃശ്യം സമീപത്തെ വീട്ടിൽനിന്നു പോലീസിനു ലഭിച്ചിട്ടുണ്ട്. കാർ കുമരകം വഴി വൈക്കം ഭാഗത്ത് എത്തി.
ഷീബയുടെയും സാലിയുടെയും മൊബൈൽ ഫോണുകൾ നഷ്ടമായതായും ഷീബയുടെ ശരീരത്തിലുണ്ടായിരുന്ന ആഭരണങ്ങൾ കാണാതായതായും ബന്ധുക്കൾ അറിയിച്ചു. വീട്ടിൽനിന്നും മറ്റെന്തെങ്കിലും മോഷണം പോയിട്ടുണ്ടോയെന്നാണ് പോലീസ് പരിശോധിക്കുന്നത്. വീടുമായി അടുപ്പമുള്ളയാളാണു കൊലപാതകത്തിനു പിന്നിലെന്നാണ് പോലീസിനു ലഭിക്കുന്ന നിർണായക സൂചന.
ആക്രമണം നടത്തിയ പ്രതി കൂടുതൽ സമയം വീടിനുള്ളിൽ ചെലവഴിച്ചതായും സൂചനയുണ്ട്. തിങ്കളാഴ്ച രാവിലെ ഭക്ഷണം പാകം ചെയ്യുന്നതിനിടെയാണു ആക്രമണമുണ്ടായത്. അടുക്കളയിൽ ചപ്പാത്തിയും മുട്ടയും പാകം ചെയ്തു വച്ചതായി കണ്ടെത്തിയിട്ടുണ്ട്. കൊച്ചി റേഞ്ച് ഡിഐജി കാളിരാജ് മഹേഷ് കുമാറിന്റെയും ജില്ലാ പോലീസ് ചീഫ് ജി. ജയ്ദേവിന്റെയും നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു.
കോട്ടയം താഴത്തങ്ങാടി കൊലപാതകം: മോഷണം മാത്രമല്ല ലക്ഷ്യമെന്നു പോലീസ്
01:02 AM Jun 03, 2020 | Deepika.com