തിരുവനന്തപുരം: മടങ്ങിയെത്തുന്ന പ്രവാസി മലയാളികൾക്കു സംരംഭങ്ങൾ തുടങ്ങുന്നതിനും തൊഴിൽ കണ്ടെത്തുന്നതിനും സഹായിക്കുന്നതിനായി വ്യവസായ വകുപ്പ് പ്രവാസി വിവരശേഖരണ പോർട്ടൽ തുടങ്ങി. പോർട്ടലിന്റെ ഉദ്ഘാടനം വ്യവസായ മന്ത്രി ഇ.പി. ജയരാജൻ നിർവഹിച്ചു.
പ്രവാസികൾക്ക് അവരുടെ അടിസ്ഥാന വിവരങ്ങൾ, നൈപുണ്യ വിശദാംശം, താത്പര്യമുള്ള മേഖല എന്നിവ പോർട്ടലിൽ രേഖപ്പെടുത്താമെന്ന് മന്ത്രി പറഞ്ഞു. സംരംഭകരാകാൻ ആഗ്രഹിക്കുന്നവർക്ക് പദ്ധതി സംബന്ധിച്ച വിശദവിവരങ്ങളും നൽകാം. www.industry.kerala.gov.in പ്രവാസി വിവരശേഖരണ പോർട്ടൽ ലിങ്ക് ലഭിക്കും.
വ്യാവസായിക, കാർഷികാവശ്യങ്ങൾക്ക് വാടകയ്ക്കോ പാട്ടത്തിനോ നൽകാൻ സ്വന്തമായി സ്ഥലം, കെട്ടിടം എന്നിവയുള്ളവർക്ക അത്തരം വിവരങ്ങളും പോർട്ടലിൽ നൽകാം. സംരംഭകരാകാൻ താത്പര്യമുള്ളവർക്ക് ബന്ധപ്പെട്ട ബ്ലോക്ക്, മുനിസിപ്പാലിറ്റി, കോർപറേഷൻ വ്യവസായ വികസന ഓഫീസർ വഴി സഹായം നൽകും.
ആശയം വികസിപ്പിക്കാൻ സാങ്കേതിക നിർദേശം, പദ്ധതി രൂപരേഖ തയാറാക്കുക, സംരംഭക സഹായ പദ്ധതി ഉൾപ്പെടെയുള്ള വിവിധ പദ്ധതികൾ വഴി നേരിട്ടോ ബാങ്ക് വഴിയോ സാമ്പത്തിക സ്രോതസ് കണ്ടെത്തുക തുടങ്ങി സംരംഭം പൂർത്തിയാക്കുന്നതുവരെ വ്യവസായ വകുപ്പ് ഉദ്യോഗസ്ഥർ സഹായം നൽകും. ചടങ്ങിൽ വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഇ. ഇളങ്കോവൻ, വ്യവസായ ഡയറക്ടർ വി.ആർ. പ്രേംകുമാർ എന്നിവർ പങ്കെടുത്തു.
തിരികെയെത്തുന്ന പ്രവാസികൾക്കു വിവരശേഖരണ പോർട്ടൽ
01:01 AM Jun 03, 2020 | Deepika.com