തിരുവനന്തപുരം: വിരമിക്കുന്നതിനു തൊട്ടുമുൻപ് മുൻ ചീഫ് സെക്രട്ടറി ടോം ജോസും ഡിജിപിയും നടത്തിയ ഹെലികോപ്റ്റർ യാത്ര ദുരൂഹത നിറഞ്ഞതാണെന്നും ഇതിനു പിന്നിൽ അഴിമതിയും ദുരൂഹതയുമുണ്ടെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പമ്പാ ത്രിവേണിയിൽ അടിഞ്ഞ മണൽ നീക്കം ചെയ്യുന്നതു സംബന്ധിച്ച കാര്യത്തിനു പോയെന്നാണ് പറഞ്ഞത്. ഇതിനു പിന്നാലെ പന്പ ത്രിവേണിയിൽനിന്നു കോടിക്കണക്കിനു രൂപയുടെ മണൽ നീക്കം ചെയ്യാൻ പത്തനംതിട്ട കളക്ടർ ദുരന്തനിവാരണ നിയമപ്രകാരം ഉത്തരവിട്ടു.
കണ്ണൂരിലെ കേരളാ ക്ലേസ് ആന്‍ഡ് സെറാമിക്സ് എന്ന പൊതുമേഖലാ സ്ഥാപനത്തിനാണ് സൗജന്യമായി മണൽ നൽകുന്നതിനുള്ള ഉത്തരവ് ചീഫ് സെക്രട്ടറിയുടെ നിർദേശപ്രകാരം കളക്ടർ പുറപ്പെടുവിച്ചതെന്നും ചെന്നിത്തല പറഞ്ഞു. കണ്ണൂരിലെ സിപിഎം ജില്ലാ സെക്രട്ടേറിയറ്റംഗം സി.കെ. ഗോവിന്ദൻ ചെയർമാനായുള്ള കന്പനിക്കാണ് അതു നല്‍കിയത്. ഇതിനു പിന്നിലാണ് അഴിമതിയും ദുരൂഹതയുമുള്ളത്.
സർക്കാർ ഖജനാവിനു നേരിട്ടു ലഭിക്കേണ്ട കോടിക്കണക്കിനു രൂപയാണു പൊതുമേഖലാ സ്ഥാപനത്തിന്റെ പേരു പറഞ്ഞ് നഷ്ടപ്പെടുത്തുന്നത്. സർക്കാർ കണക്കനുസരിച്ച് ഒരു ലക്ഷത്തിലധികം ടണ്‍ മണലാണ് പന്പ ത്രിവേണിയിൽ പുഴയിലും കരയിലുമായുള്ളത്. നേരത്തേ ടണ്ണിന് 1200 രൂപ നിരക്കിൽ കരാർ നല്കി സർക്കാർ വിറ്റിരുന്നു.
കഴിഞ്ഞ രണ്ടു വെള്ളപ്പൊക്കത്തിൽ അടിഞ്ഞ ഗുണമേന്മ കുറഞ്ഞ മണ്ണിനും മണലിനും പുറമെ വൻവിപണനമൂല്യമുള്ളതും നിർമാണാവശ്യങ്ങൾക്ക് ഉപയോഗിക്കാവുന്നതുമായ കോടിക്കണക്കിനു രൂപയുടെ മണൽ പന്പയിലുണ്ട്. മാലിന്യം നീക്കം ചെയ്യാനെന്ന വ്യാജേന ഈ മണൽ കൈക്കലാക്കുകയാണു ബന്ധപ്പെട്ടവരുടെ ലക്ഷ്യമെന്നു വ്യക്തമാണ്. മാലിന്യം നീക്കം ചെയ്യുമോ അതോ കോടികളുടെ വിപണന മൂല്യമുള്ള മണൽ ആദ്യം കൊണ്ടുപോയി വില്ക്കുമോ എന്നു കണ്ടറിയണം. ഇതിലൊന്നും ഉത്തരവിൽ വ്യക്തതയില്ല. വനം മന്ത്രി ഇത് അറിയേണ്ടതാണ്. പക്ഷേ അദ്ദേഹം അറിഞ്ഞിട്ടില്ല എന്നാണു പറഞ്ഞത്. ഗവണ്മെന്റ് സെക്രട്ടറിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഈ ഉത്തരവിറക്കുന്നതെന്ന് കളക്ടർ വ്യക്തമാക്കിയിട്ടുണ്ട്. ഉത്തരവിൽ നിരവധി അവ്യക്തത നിലനിൽക്കുന്നു.
സൗജന്യമായി ലഭിക്കുന്ന മണൽ പൊതുമേഖലാ സ്ഥാപനം പുറത്ത് വിപണിയിൽ വിറ്റഴിക്കുമോ സ്വന്തം ആവശ്യത്തിന് ഉപയോഗിക്കുമോ എന്നു വ്യക്തമല്ല. പൊതുമേഖലാ സ്ഥാപനങ്ങളെ മുൻനിർത്തി ആരുടെ കച്ചവട താത്പര്യമാണ് ഇതിനു പിന്നിലെന്നു വ്യക്തമാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു
വിരമിക്കുന്നതിനു തൊട്ടുമുന്‍പുള്ള ചീഫ് സെക്രട്ടറിയുടെ ഹെലികോപ്റ്റർ യാത്ര ദുരൂഹം: ചെന്നിത്തല
11:57 PM Jun 02, 2020 | Deepika.com