കൊച്ചി: പ്രളയ ദുരിതാശ്വാസ ക്യാമ്പിന്റെ പേരിൽ പണപ്പിരിവ് നടത്തിയ നഗരസഭ കൗൺസിലറായ സിപിഎം നേതാവിനെ അറസ്റ്റ് ചെയ്തു. തൃക്കാക്കര ഈസ്റ്റ് ലോക്കൽ കമ്മിറ്റി അംഗവും നഗരസഭ കൗൺസിലറുമായ സി.എ. നിഷാദിനെയാണ് തൃക്കാക്കര പോലീസ് അറസ്റ്റ് ചെയ്തത്. കാക്കനാട് മജിസ്ട്രേറ്റ് കോടതി ഇയാൾക്കെതിരേ കേസെടുക്കാൻ ഉത്തരവിട്ടിരുന്നു. മുൻകൂർ ജാമ്യം നേടിയിരുന്നതിനാൽ ചോദ്യംചെയ്തശേഷം ജാമ്യത്തിൽ വിട്ടു.
2018ലെ ആദ്യ പ്രളയ സമയത്ത് കൊല്ലംകുടിമുകളിൽ നടത്തിയ ക്യാമ്പിന്റെ പേരിൽ വിദേശത്തുള്ള സുഹൃത്തുക്കളിൽനിന്നു പണം പിരിച്ച സംഭവത്തിലാണ് തൃക്കാക്കര പോലീസ് നിഷാദിനെ അറസ്റ്റ് ചെയ്തത്. ദുരിതാശ്വാസ ക്യാമ്പിനായി വ്യക്തികൾ നേരിട്ടു പണം സ്വീകരിക്കരുതെന്ന നിർദേശം നിലനിൽക്കേയാണ് നിഷാദ് വാട്സ്്ആപ് ഗ്രൂപ്പുണ്ടാക്കി പണം പിരിച്ചത്.
നിഷാദിന്റെയും ബന്ധുക്കളുടെയും അക്കൗണ്ട് വിശദാംശങ്ങൾ പോലീസ് ശേഖരിച്ചു വരികയാണ്. 2018 ഓഗസ്റ്റിൽ നിഷാദ് നടത്തിയ ബാങ്ക് ഇടപാടുകളുടെ മുഴുവൻ രേഖകളും ശേഖരിക്കുന്നുണ്ട്. ക്യാമ്പ് തുടങ്ങുമ്പോൾ അക്കൗണ്ടുകൾ ഇല്ലാത്തതിനാൽ തന്റെ ബാങ്ക് അക്കൗണ്ട് ഉപയോഗിച്ചതാണെന്നും പണം ക്യാമ്പിനായി ചെലവഴിച്ചതിന്റെ രേഖകൾ ഉണ്ടെന്നുമാണ് നിഷാദിന്റെ അവകാശവാദം.
പ്രളയ ദുരിതാശ്വാസ പിരിവ്: സിപിഎം നേതാവ് അറസ്റ്റിൽ
12:41 AM Jun 02, 2020 | Deepika.com