തിരുവനന്തപുരം: പ്രവേശനോത്സവങ്ങളോ ആരവങ്ങളോ വര്‍ണക്കടലാസിനാല്‍ അലംകൃതമായ ക്ലാസ് മുറികളോ ഒന്നുമില്ലാതെ ഒരു പുതിയ അധ്യയനവര്‍ഷത്തിന് ഇന്നു തുടക്കം. കൊറോണയുടെ ഭീതിയില്‍ സ്കൂളുകള്‍ തുറക്കാത്ത സാഹചര്യത്തില്‍ സംസ്ഥാനത്തെ ഒന്നു മുതല്‍ ബിരുദാനന്തര ബിരുദം വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് ഇന്നു പഠനം ആരംഭിക്കുന്നത് ഓണ്‍ലൈന്‍ വഴി. ഒന്നു മുതല്‍ 12 വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് രാവിലെ 8.30 മുതല്‍ 5.30 വരെയാണ് ഓണ്‍ലൈന്‍ ക്ലാസുകള്‍.
ഈ ക്ലാസുകള്‍ വിക്ടേഴ്സ് ചാനല്‍ വഴിയാണു സംപ്രേഷണം ചെയ്യുന്നത്. ഇന്നു മുതല്‍ അടുത്ത എട്ടു വരെ നടക്കുന്ന സംപ്രേഷണം ട്രയല്‍ അടിസ്ഥാനത്തിലാണ്. എട്ടു മുതല്‍ 14 വരെ തീയതികളിൽ ഈ ക്ലാസുകള്‍ പുനഃസംപ്രേഷണം ചെയ്യാനുള്ള ക്രമീകരണവും വിക്ടേഴ്സ് ചാനല്‍ ഒരുക്കിയിട്ടുണ്ട്.
ഇന്റര്‍നെറ്റ് സംവിധാനങ്ങളോ സ്മാര്‍ട്ട് ഫോണുകളോ ഇല്ലാത്ത വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകള്‍ക്കു പ്രഥമാധ്യാപകര്‍ ക്രമീകരണം ഒരുക്കണമെന്നാണ് വിദ്യാഭ്യാസ വകുപ്പ് നല്‍കിയിട്ടുള്ള നിര്‍ദേശം. ഇത് എത്രമാത്രം പ്രായോഗികമാണെന്ന കാര്യത്തില്‍ സംശയം നിലനില്‍ക്കുന്നുണ്ട്.
പുതിയ സമയക്രമം
സംസ്ഥാനത്തെ കോളജുകളില്‍ പുതിയ സമയക്രമം അനുസരിച്ചുള്ള രീതിയിലാവും ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്തുകയെന്ന് ഉന്നത വിദ്യാഭ്യാസമന്ത്രിയുടെ ഓഫീസ് അറിയിച്ചു. രാവിലെ 8.30 മുതല്‍ 1.30 വരെ ഓണ്‍ലൈനായി ആണ് ക്ലാസുകള്‍. കോളജ് സ്ഥിതി ചെയ്യുന്ന ജില്ലയിലെ അധ്യാപകര്‍ പ്രിന്‍സിപ്പല്‍ നിശ്ചയിക്കുന്ന റൊട്ടേഷന്‍ അടിസ്ഥാനത്തില്‍ കോളജുകളില്‍ ഹാജരാകണം. മറ്റുള്ളവര്‍ വീടുകളിലിരുന്നു ക്ലാസുകള്‍ കൈകാര്യം ചെയ്യുന്നതിനുള്ള ക്രമീകരണമാണുള്ളത്.
ഒാൺലൈൻ സൗകര്യമില്ലാത്തവർക്ക് പിന്നീട് ഡൗൺലോഡ് ചെയ്ത ഉള്ളടക്കം ലഭ്യമാക്കുന്ന സംവിധാനവും ഏർപ്പെടുത്തും.
ചാനൽ നന്പർ
കൈറ്റ് വിക്ടേഴ്സ് ചാനൽ നന്പരുകൾ: ഏഷ്യാനെറ്റ് ഡിജിറ്റൽ-411, ഡെൻ- 639, കേരള വിഷൻ- 42, ഡിജി മീഡിയ- 149, സിറ്റി ചാനൽ -116 ഡി2എച്ചിലും ഡിഷ് ടിവിയിലും 642.
പോർട്ടൽ: www.victers.kite. kerala.gov.in. സോഷ്യൽമീഡിയ: facebook.com/Victers edu channel -തൽസമയവും യുട്യൂബ് ചാനലിൽ youtube. com/ itsvicters ൽ സംപ്രേഷണത്തിനു ശേഷവും ക്ലാസ് ലഭ്യമാകും.
ഓണ്‍ലൈന്‍ ക്ലാസ് ഷെഡ്യൂള്‍
( ഒന്നു മുതല്‍ 12വരെ ക്ലാസ് -തിങ്കള്‍ മുതല്‍ വെള്ളിവരെ )
(ക്ലാസ്, സംപ്രേഷണം, എന്ന ക്രമത്തില്‍)
12-ാം ക്ലാസ്- രാവിലെ 8.30 മുതല്‍ 10.30 വരെ
10-ാം ക്ലാസ്- രാവിലെ 11 മുതല്‍ 12.30 വരെ
9-ാം ക്ലാസ്- വൈകുന്നേരം 4.30 മുതല്‍ 5.30 വരെ
8-ാം ക്ലാസ്- ഉച്ചകഴിഞ്ഞ് 3.30 മുതല്‍ 4.30 വരെ
7-ാം ക്ലാസ്- ഉച്ചകഴിഞ്ഞ് മൂന്നു മുതല്‍ 3.30 വരെ
6-ാം ക്ലാസ്- 2.30 മുതല്‍ മൂന്നു വരെ
5-ാം ക്ലാസ്- രണ്ടു മുതല്‍ 2.30 വരെ
4-ാം ക്ലാസ്- 1.30 മുതല്‍ രണ്ടു വരെ
3-ാം ക്ലാസ്- ഒന്നുമുതല്‍ 1.30 വരെ
2-ാം ക്ലാസ്- 12.30 മുതല്‍ ഒരു മണി വരെ
1-ാം ക്ലാസ്- രാവിലെ 10.30 മുതല്‍ 11 വരെ
(ഒന്നു മുതല്‍ ഒന്‍പതു വരെയുള്ള ക്ലാസുകളിലെ പുനഃസംപ്രേഷണം ശനി, ഞായര്‍ ദിവസങ്ങളില്‍. 10, 12 ക്ലാസുകളിലെ പുനഃസംപ്രേഷണം എല്ലാ ദിവസവും)
തോമസ് വര്‍ഗീസ്
ഓൺലൈനുത്സവം
01:58 AM Jun 01, 2020 | Deepika.com