തിരുവനന്തപുരം: സംസ്ഥാനത്ത് സ്പെഷൽ ട്രെയിൻ സർവീസുകൾ ഇന്ന് ആരംഭിക്കും. ജനശതാബ്ദി ഉൾപ്പെടെ ഏഴ് ട്രെയിനുകളാണ് ഇന്നു സർവീസ് ആരംഭിക്കുന്നത്. ടിക്കറ്റുകൾ ഓണ്‍ലൈനായും തെരഞ്ഞെടുത്ത കൗണ്ടറുകൾവഴിയും ബുക്ക് ചെയ്യാം. സന്പൂർണ ലോക്ക്ഡൗണ്‍ ആയതിനാൽ ഞായറാഴ്ചകളിൽ ടിക്കറ്റ് കൗണ്ടർ തുറക്കില്ല. മാസ്ക് ധരിച്ചെത്തുന്നവർക്കേ ടിക്കറ്റ് നൽകുകയുള്ളൂവെന്നും റെയിൽവേ അറിയിച്ചു.
ട്രെയിനുകളുടെ സമയവിവരം
തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദി (02076): തിരുവനന്തപുരത്തു നിന്ന് പുലർച്ചെ 5.45ന് പുറപ്പെടും. മടക്ക ട്രെയിൻ കോഴിക്കോട്ടുനിന്ന് പകൽ 1.45ന് (എല്ലാദിവസവും). തിരുവനന്തപുരം-കണ്ണൂർ ജനശതാബ്ദി (02082): തിരുവനന്തപുരത്തുനിന്ന് ഉച്ചയ്ക്ക് 2.45 ന് പുറപ്പെടും (ചൊവ്വാഴ്ചയും ശനിയാഴ്ചയും ഒഴികെ). മടക്ക ട്രെയിൻ കണ്ണൂരിൽ നിന്ന് പുലർച്ചെ 4.50 ന് പുറപ്പെടും (ബുധനാഴ്ചയും ഞായറാഴ്ചയും ഒഴികെ). തിരുവനന്തപുരം-ലോകമാന്യ തിലക് (06346): തിരുവനന്തപുരത്തു നിന്ന് രാവിലെ 9.30ന് പുറപ്പെടും. മടക്ക ട്രെയിൻ ലോക്മാന്യ തിലകിൽനിന്ന് പകൽ 11.40 ന് (എല്ലാദിവസവും). എറണാകുളം ജംഗ്ഷൻ- നിസാമുദീൻ മംഗള എക്സ്പ്രസ് (02617): എറണാകുളത്തുനിന്ന് ഉച്ചയ്ക്ക് 1.15 ന് പുറപ്പെടും. മടക്ക ട്രെയിൻ നിസാമുദീനിൽ നിന്ന് രാവിലെ 9.15ന് (എല്ലാ ദിവസവും).
എറണാകുളം ജംഗ്ഷൻ-നിസാമുദീൻ (തുരന്തോ) എക്സ്പ്രസ് (02284): എറണാകുളത്തുനിന്ന് ചൊവ്വാഴ്ചകളിൽ രാത്രി 11.25 ന് പുറപ്പെടും. മടക്ക ട്രെയിൻ ശനിയാഴ്ചകളിൽ നിസാമുദീനിൽ നിന്ന് രാത്രി 9.35 ന്. തിരുവനന്തപുരം സെൻട്രൽ-എറണാകുളം ജംഗ്ഷൻ (06302): പ്രതിദിന പ്രത്യേക ട്രെയിൻ തിങ്കളാഴ്ച രാവിലെ 7.45 മുതൽ സർവീസ് ആരംഭിക്കും. എറണാകുളം ജംഗ്ഷൻ-തിരുവനന്തപുരം (06301): പ്രതിദിന പ്രത്യേക ട്രെയിൻ ഉച്ചയ്ക്ക് ഒന്നിന് പുറപ്പെടും. തിരുച്ചിറപ്പള്ളി-നാഗർകോവിൽ (02627): പ്രതിദിന സൂപ്പർ ഫാസ്റ്റ് തിങ്കളാഴ്ച രാവിലെ ആറ് മുതൽ സർവീസ് ആരംഭിക്കും. മടക്ക ട്രെയിൻ ഉച്ചകഴിഞ്ഞ് മൂന്നിന് നാഗർകോവിലിൽനിന്ന് പുറപ്പെടും.
സ്റ്റോപ് ക്രമീകരണം
തിരുവനന്തപുരം-ലോക്മാന്യതിലക് നേത്രാവതി എക്സ്പ്രസിന്റെ (06345, 06346) ചെറുവത്തൂരിലെ സ്റ്റോപ് ഒഴിവാക്കി. തിരൂർ സ്റ്റോപ് നിലനിർത്തി. എറണാകുളം ജങ്ഷനും ഡൽഹിക്കും (ഹസ്രത്ത് നിസാമുദ്ദീൻ) ഇടയിൽ സർവീസ് നടത്തുന്ന മംഗള ലക്ഷദ്വീപ് എക്സ്പ്രസിന്റെ (02617/02618) ആലുവ, പട്ടാന്പി, കുറ്റിപ്പുറം, തിരൂർ, പരപ്പനങ്ങാടി, ഫറോക്, കൊയിലാണ്ടി, വടകര, തലശേരി, പഴയങ്ങാടി, പയ്യന്നൂർ, നീലേശ്വരം, കാഞ്ഞങ്ങാട് സ്റ്റോപ്പുകളും ഒഴിവാക്കി.
സ്പെഷൽ ട്രെയിൻ സർവീസുകൾ ഇന്നു മുതൽ
12:13 AM Jun 01, 2020 | Deepika.com