തിരുവനന്തപുരം: വ്യക്തിഗത വിവരശേഖരണത്തിനും കൈമാറ്റത്തിനും സ൪ക്കാ൪ നിയന്ത്രണം ഏർപ്പെടുത്തി. വ്യക്തിഗത വിവരം ശേഖരിക്കുകയും കൈമാറ്റം ചെയ്യുകയും സൂക്ഷിക്കുകയും ചെയ്യുന്നത് വിവരം നല്‍കുന്നവരുടെ അനുമതിയോടെ മാത്രമായിരിക്കണമെന്നു വ്യക്തമാക്കി ചീഫ് സെക്രട്ടറി ഉത്തരവിറക്കി. കേന്ദ്രസര്‍ക്കാരിന്റെ ഐടി നിയമത്തിലെ വ്യവസ്ഥകള്‍ പാലിച്ചാകണം വ്യക്തിവിവരങ്ങള്‍ ശേഖരിക്കേണ്ടത്. സ്പ്രിങ്ക്ളർ വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കി സര്‍ക്കാര്‍ ഉത്തരവിറക്കിയത്.
ഏതു തരത്തിലുള്ള വിവരം ശേഖരിച്ചാലും ഇക്കാര്യത്തില്‍ വിവരം നല്കുന്നയാളില്നിന്നുള്ള അനുമതി ആവശ്യമാണ്. ശേഖരിച്ച വിവരങ്ങള്‍ കൈമാറുന്നത് അംഗീകൃത രഹസ്യ സംവിധാനങ്ങളിലൂടെയാകണം. ശേഖരിക്കുന്ന വിവരങ്ങള്‍ മറ്റൊരാള്‍ക്കു കൈമാറുമ്പോള്‍ വിവരം നല്‍കിയയാളെ തിരിച്ചറിയുന്ന കാര്യങ്ങള്‍ രഹസ്യമാക്കി വേണം അതു ചെയ്യാന്‍. ഇത് നിലവില്‍ ശേഖരിച്ച വിവരങ്ങള്‍ക്കും ഭാവിയില്‍ ശേഖരിക്കാനിരിക്കുന്ന വിവരങ്ങള്‍ക്കും ബാധകമാണ്. കോവിഡ് നിയന്ത്രണ പ്രവര്‍ത്തനങ്ങളുടെ പശ്ചാത്തലത്തില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളും ഏജന്‍സികളും വ്യത്യസ്ത ആവശ്യങ്ങള്‍ക്കായി വിവരശേഖരണം നടത്തുന്ന പശ്ചാത്തലത്തിലാണ് ഇത്തരം നിര്‍ദേശം.
വിവരങ്ങള്‍ ശേഖരിക്കുമ്പോള്‍ വിവരം നല്‍കുന്നവരെ അക്കാര്യം അറിയിക്കുകയും മൂന്നാമതൊരു വ്യക്തിക്കോ ഏജന്‍സിക്കോ കൈമാറുന്നുണ്ടെങ്കില്‍ അക്കാര്യം അറിയിച്ച് വിവരം നല്കുന്നയാളില്നിന്ന് രേഖാമൂലമുള്ള അനുമതിയും വാങ്ങണം. വിവരം ശേഖരിക്കുന്ന ഉപകരണത്തില്‍ ഇതിനായി പ്രാദേശിക ഭാഷയിലും ഇംഗ്ലീഷിലും സംവിധാനമുണ്ടാകണം. ഏതാവശ്യത്തിനാണോ ശേഖരിക്കുന്നത് അതിനു മാത്രമേ വിവരങ്ങള്‍ ഉപയോഗിക്കുന്നുള്ളൂ എന്ന് ഉറപ്പാക്കണം. വിവരങ്ങള്‍ സുരക്ഷിതമായ രീതിയില്‍ സ്റ്റേറ്റ് ഡേറ്റാ സെന്ററില്‍ സൂക്ഷിക്കണം. ക്ലൗഡിലാണ് സൂക്ഷിക്കുന്നതെങ്കില്‍, സേവനദാതാവ് കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചതാവണം.
ഇക്കാര്യത്തില്‍ കേന്ദ്രത്തിന്റെ മാനദണ്ഡങ്ങള്‍ പാലിച്ചിരിക്കണം. വിവരശേഖരണത്തിന് ജിപിഎസ്, ബ്ലൂടൂത്ത് തുടങ്ങിയവ ഉപയോഗിക്കുന്നുണ്ടെങ്കില്‍ വിവരം നല്കുന്നയാളില്നിന്ന് ഇതുസംബന്ധിച്ച വ്യക്തമായ അനുമതിയുമുണ്ടാകണം. മൂന്നാമതൊരു പാര്‍ട്ടിയുടെ സംവിധാനമാണ് വിവരശേഖരണത്തിന് ഉപയോഗിക്കുന്നതെങ്കില്‍ ആ സംവിധാനത്തിന് ഐഎസ്ഒ സര്ട്ടിഫിക്കേഷനുണ്ടാകണം. ഡേറ്റ സംബന്ധിച്ച എല്ലാ വശങ്ങളും സുരക്ഷാ ഓഡിറ്റിംഗിന് വിധേയമാക്കണമെന്നും ഉത്തരവിൽ പറയുന്നു.
സ്പ്രിങ്ക്ളർ വിവാദം : വ്യക്തിഗത വിവരങ്ങൾ ശേഖരിക്കുന്നതിനു നിയന്ത്രണം
12:36 AM May 31, 2020 | Deepika.com