കോട്ടയം: കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വിഷയത്തിൽ കെ.എം. മാണി പാർട്ടി ചെയർമാനായിരുന്ന ഘട്ടത്തിൽ രൂപംകൊടുത്ത കരാർ പാലിക്കുക എന്നതാണ് പാർട്ടിയുടെ ഉറച്ച നിലപാടെന്നു ജോസ് കെ.മാണി എംപി. ജില്ലാ പഞ്ചായത്തിന്റെ പ്രസിഡന്റ് കാലാവധി കോണ്‍ഗ്രസും കേരള കോണ്‍ഗ്രസും തമ്മിൽ തുല്യമായി വീതിക്കുകയായിരുന്നു.
കേരള കോണ്‍ഗ്രസിനു ലഭിച്ച രണ്ടര വർഷത്തെ കാലാവധിയിൽ സഖറിയാസ് കുതിരവേലിയും സെബാസ്റ്റ്യൻ കുളത്തിങ്കലും പങ്കുവയ്ക്കുക എന്നതാണ് രേഖാമൂലമുള്ള കരാർ. തെരെഞ്ഞെടുക്കപ്പെട്ട കേരള കോണ്‍ഗ്രസിന്റെ ആറ് അംഗങ്ങളിൽ അഞ്ചു പേർക്കും മുൻധാരണ പ്രകാരം വിവിധ സ്ഥാനങ്ങൾ നൽകി. എന്നാൽ, ഒരു സ്ഥാനവും ലഭിക്കാതിരുന്നതു സെബാസ്റ്റ്യൻ കുളത്തിങ്കലിനു മാത്രമായിരുന്നു. അതുകൊണ്ട് സെബാസ്റ്റ്യൻ കുളത്തിങ്കലിനു ധാരണപ്രകാരം അവസാന വർഷം പ്രസിഡന്റ് പദവി നൽകുകയായിരുന്നു. ഇതിൽ മാറ്റം വരുത്താൻ ജോസഫ് വിഭാഗം ആവശ്യപ്പെടുന്നത് അന്യായവും അധാർമികവുമാണ്. മഹാമാരിയുടെ ഈ കാലഘട്ടത്തിൽ അനാവശ്യ വിവാദം ഉണ്ടാക്കി നന്നായി പ്രവർത്തിക്കുന്ന ജില്ലാ പഞ്ചായത്തിനെ തകർക്കാൻ ആരു ശ്രമിച്ചാലും അത് അംഗീകരിക്കില്ലെന്നും ജോസ് പറഞ്ഞു.
കരാർ പാലിക്കണമെന്നതാണ് നിലപാട്: ജോസ് കെ. മാണി
12:13 AM May 31, 2020 | Deepika.com