കൊച്ചി: മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് അനധികൃതമായി തമിഴ്നാട്ടില്‍ ഭൂമി വാങ്ങിയെന്ന കേസില്‍ അന്വേഷണം സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി നിരസിച്ചു. കേസില്‍ പ്രഥമദൃഷ്ട്യാ കഴമ്പുണ്ടെന്നു വാക്കാല്‍ വ്യക്തമാക്കിയാണ് സിംഗിള്‍ബെഞ്ചിന്റെ ഉത്തരവ്. വിജിലന്‍സ് അന്വേഷണത്തെക്കുറിച്ച് ഒരുമാസത്തിനുള്ളില്‍ സര്‍ക്കാര്‍ സ്റ്റേറ്റ്മെന്റ് നല്കാന് നിര്‍ദേശിച്ച ഹൈക്കോടതി ഹര്‍ജി ജൂലൈയില്‍ പരിഗണിക്കാനായി മാറ്റി.
ഹര്‍ജി പരിഗണിക്കവേ ഭൂമി വില്പന ബിനാമി ഇടപാടാണെന്നു കണ്ടെത്തി ചെന്നൈയിലെ അധികൃതര്‍ ബിനാമി സ്വത്ത് ഏറ്റെടുക്കല്‍ നിയമപ്രകാരം ഭൂമി ഏറ്റെടുത്തെന്നും വസ്തുതകള്‍ പരിശോധിച്ചു വിലയിരുത്തിയശേഷമാണ് കേസെടുത്തതെന്നും സര്‍ക്കാര്‍ അഭിഭാഷകന് അറിയിച്ചു. തമിഴ്നാട്ടില്‍ രാജപാളയത്ത് രണ്ടു ആധാരങ്ങളിലായി ജേക്കബ് തോമസ് തന്റെയും ഭാര്യയുടെയും പേരില്‍ 50.33 ഏക്കര്‍ ഭൂമി 2001 ല്‍ വാങ്ങിയെന്നും ഇതു വരുമാന സ്റ്റേറ്റ്മെന്റില്‍ കാണിച്ചിരുന്നില്ലെന്നും വിലയിരുത്തിയാണ് വിജിലന്‍സ് കേസെടുത്തത്.
ജേക്കബ് തോമസിനെതിരായ കേസിനു സ്റ്റേയില്ല
12:45 AM May 30, 2020 | Deepika.com