ചങ്ങനാശേരി: കേരള പുനർനിർമാണ പദ്ധതിയിൽ ഉൾപ്പെടുത്തി ചങ്ങനാശേരി- ആലപ്പുഴ എലിവേറ്റഡ് ഹൈവേ നിർമിക്കാനുള്ള സംസ്ഥാന സർക്കാർ തീരുമാനം കുട്ടനാടിനു വലിയ പ്രതീക്ഷയാകുന്നു. മഴക്കാലത്ത് എസി റോഡിൽ വെള്ളംകയറി ഗതാഗതം തടസപ്പെടുന്നതിനുള്ള പരിഹാരമാകുമിത്. അതുപോലെ മധ്യതിരുവിതാംകൂറിന്റെയും കുട്ടനാടിന്റെയും ടൂറിസം വികസനത്തിനും വലിയ ഗുണം ചെയ്യും. പദ്ധതിക്കായി 624.48 കോടി രൂപയുടെ പദ്ധതിക്കാണു മന്ത്രിസഭ അനുമതി നൽകിയിരിക്കുന്നത്.
രൂപരേഖ തയാർ
ചങ്ങനാശേരി പെരുന്നയിൽ ആരംഭിച്ച ആലപ്പുഴ കൈതവനയിൽ അവസാനിക്കുന്ന 24 കിലോമീറ്റർ ദൂരം വരുന്ന ചങ്ങനാശേരി- ആലപ്പുഴ റോഡിൽ വെള്ളംകയറി ഗതാഗതം തടസപ്പെടുന്ന ഭാഗങ്ങളിൽ പുതിയ മേൽപാലങ്ങൾ നിർമിക്കുന്ന പദ്ധതിക്കാണു മഹാപ്രളയത്തെത്തുടർന്നു സംസ്ഥാന സർക്കാർ രൂപംകൊടുത്ത റീബിൽഡ് കേരള പദ്ധതിയിൽപ്പെടുത്തിയിരിക്കുന്നത്. ഈ പദ്ധതിക്കായി കഴിഞ്ഞ സംസ്ഥാന ബജറ്റിൽ 450 കോടി രൂപ വകയിരുത്തിയിരുന്നു. പൊതുമരാമത്തു വകുപ്പിന്റെ തിരുവനന്തപരം കേന്ദ്രമാക്കിയുള്ള ഡിസൈൻ വിഭാഗമാണ് റോഡിന്റെ രൂപരേഖ തയാറാക്കിയിരിക്കുന്നത്. പദ്ധതിയുടെ വിശദാംശങ്ങൾ സർക്കാർ ഉടനെ പ്രസിദ്ധീകരിക്കുമെന്നാണ് ലഭ്യമായ വിവരം.
11 കിലോമീറ്റർ
മഴക്കാലത്തു വെള്ളം കയറുന്ന 11 കിലോമീറ്റർ ദൂരം വിവിധ പാലങ്ങൾ നിർമിച്ചു ഗതാഗതം സുഗമമാക്കുകയാണു പദ്ധതിയുടെ ലക്ഷ്യം. ആലപ്പുഴ റോഡിന്റെ മനക്കച്ചിറ, കിടങ്ങറ, രാമങ്കരി, മാന്പുഴക്കരി, മങ്കൊന്പ് ബ്ലോക്ക് ജംഗ്ഷൻ, പൂപ്പള്ളി എന്നിവിടങ്ങളിലാണു പ്രധാനമായും രൂക്ഷമായ വെള്ളക്കെട്ട് വരുന്നത്. 2018 ഓഗസ്റ്റിലെ വെള്ളപ്പൊക്ക കാലത്ത് എസി റോഡിൽ വെള്ളം നിറഞ്ഞു തോടും പാടവും തിരിച്ചറിയാനാകാതെ ഒരു മാസത്തോളം ഗതാഗതം തടസപ്പെട്ടിരുന്നു. മങ്കൊന്പ് ബ്ലോക്ക് ജംഗ്ഷനിലെ വെള്ളക്കെട്ടിലൂടെ ട്രാക്ടർ സർവീസ് നടത്തിയാണ് യാത്രക്കാരെ കടത്തിവിട്ടിരുന്നത്. മഴക്കാലത്ത് ഈ ഭാഗങ്ങളിൽ ജലനിരപ്പുയരുന്നതുമൂലം കെഎസ്ആർടിസി ബസുകളും നിലയ്ക്കും.
ലോകടൂറിസം കന്പനി കാണണമെന്നു നിർദേശിച്ചിരിക്കുന്ന 25 മനോഹര പാതകളിൽ ഒന്നാണ് എസി റോഡ്. കുട്ടനാടിന്റെ മനോഹാരിതയാണ് ഇവിടുത്തെ പ്രത്യേകത. എസി റോഡിൽ എലിവേറ്റഡ് ഹൈവേ സ്ഥാപിച്ചാൽ കുട്ടനാടിന്റെ ടൂറിസം വികസനത്തിനു വൻ കുതിപ്പ് ഉണ്ടാകുമെന്ന റിപ്പോർട്ട് മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റും അധ്യാപകനുമായ വി.ജെ. ലാലി കഴിഞ്ഞ സെപ്റ്റംബറിൽ മന്ത്രി തോമസ് ഐസക്കിനും പൊതുമരാമത്തു മന്ത്രി കെ. സുധാകരനും സമർപ്പിച്ചിരുന്നു.
ദീപിക മുന്നോട്ടുവച്ചു
2018 ഡിസംബർ 18ന് സി.ജെ. ജോസഫ് ദീപികയിൽ എഴുതിയ കുട്ടനാടിന്റെ പുനർനിർമാണം എന്ന ലേഖനത്തിലും എലിവേറ്റഡ് ഹൈവേയുടെ സാധ്യത എടുത്തുകാട്ടിയിരുന്നു. എസി റോഡിൽ ദീർഘവീക്ഷണത്തോടെയുള്ള എലിവേറ്റഡ് ഹൈവേ സ്ഥാപിച്ചാൽ ഇതു കുട്ടനാടിന്റെ തനിമ ആസ്വദിക്കാൻ സ്വദേശ, വിദേശ ടൂറിസ്റ്റുകൾക്കു സാധിക്കും. എസി റോഡിനു കുറുകെയുള്ള തോട് പള്ളാത്തുരുത്തി ഭാഗത്തു തുറന്നുകൊടുത്താൽ റോഡിൽ വെള്ളം കയറുന്നത് ഒഴിവാക്കുന്നതിനൊപ്പം വെള്ളപ്പൊക്കം തടയാനും സഹായിക്കുമെന്നും വിദഗ്ധർ അഭിപ്രായപ്പെടുന്നുണ്ട്.
ബെന്നി ചിറയിൽ
പ്രളയത്തെ തോല്പിക്കാൻ ചങ്ങനാശേരി- ആലപ്പുഴ എലിവേറ്റഡ് ഹൈവേ
12:31 AM May 30, 2020 | Deepika.com