കോട്ടയം: കെസിബിസിയുടെ ജസ്റ്റീസ് പീസ് ആൻഡ് ഡെവലപ്പ്മെന്റ് കമ്മീഷന്റെ പുതിയ സെക്രട്ടറിയായും അടിച്ചിറ ആമോസ് സെന്റർ കേന്ദ്രമായി പ്രവർത്തിക്കുന്ന കേരള സോഷ്യൽ സർവീസ് ഫോറം എക്സിക്യൂട്ടീവ് ഡയറക്ടറായും ഫാ. ജേക്കബ് മാവുങ്കൽ ചുമതലയേറ്റു.
11 വർഷമായി പാലക്കാട് രൂപതയുടെ പീപ്പിൾ സർവീസ് സൊസൈറ്റിയുടെ എക്സിക്യൂട്ടീവ് ഡയറക്ടറായും പാലക്കാട് രൂപത ഉപദേശകസമിതി അംഗം, പാലക്കാട് റിലീഫ് ഫോറം വൈസ് പ്രസിഡന്റ്, കെഎസ്എസ്എഫ് ബോർഡ് അംഗം, സീറോ മലബാർ സഭയുടെ സാമൂഹ്യ പ്രവർത്തനവിഭാഗമായ സ്പന്ദന്റെ സെക്രട്ടറി എന്നീ നിലകളിലും സേവനം ചെയ്യുകയായിരുന്നു അദ്ദേഹം. ഫാ. ജേക്കബ് മാവുങ്കൽ അട്ടപ്പാടി, ജല്ലിപ്പാറ, പുലിയറ ആദിവാസി മേഖലകളിൽ പത്തു വർഷം സേവനം ചെയ്തിട്ടുണ്ട്. ചക്കസംസ്കരണ വിപണന പ്രക്രിയ നാടിനു പരിചയപ്പെടുത്തിയും വാട്ടർ എയ്ഡ് ജലസുരക്ഷ പദ്ധതി, പൊലിമ കാർഷികമേള, ജൻശിക്ഷൻ സംസ്ഥാൻ എന്നിവയിലൂടെയും പാലക്കാട് പീപ്പിൾ സർവീസ് സൊസൈറ്റിയെ ദേശീയതലത്തിൽ ശ്രദ്ധിക്കപ്പെടുന്ന സന്നദ്ധസേവന പ്രസ്ഥാനമാക്കി മാറ്റുന്നതിലും സർക്കാരിന്റെ പുരസ്കാരങ്ങൾ നേടിക്കൊടുക്കുന്നതിലും പങ്കുവഹിച്ചു.
ഫാ. മാവുങ്കൽ ചുമതലയേറ്റു
12:15 AM May 30, 2020 | Deepika.com