കരുവാരക്കുണ്ട് :കോവിഡ് ബാധിച്ച് ഐലാശേരി അസൈനാർ പടിയിലെ ആനപ്പട്ടത്ത് ഉണ്ണി മൂസയുടെ മകൻ മുഹമ്മദാലി (49) ജിദ്ദയിൽ നിര്യാതനായി. ജിദ്ദയിലെ റുവൈസിൽ ഹോൾസെയിൽ കടയിലെ ജീവനക്കാരനായിരുന്നു. പനിയും ജലദോഷവും കാരണം രണ്ടാഴ്ച മുന്പാണ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചത്. ഇന്നലെ രാവിലെയാണ് മരിച്ചത്.
കൊറോണ പരിശോധനയിൽ പോസിറ്റീവായിരുന്നു. ചുമ വർധിച്ചതോടെ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നെങ്കിലും രക്ഷിക്കാനായില്ല. 25 വർഷമായി പ്രവാസിയാണ്. അവസാനമായി നാട്ടിൽ വന്നു മടങ്ങിപോയത് ഒന്നരവർഷം മുന്പാണ്. നിയമ നടപടികൾ പൂർത്തിയാക്കിയ ശേഷം ജിദ്ദയിൽ തന്നെ കബറടക്കം നടത്തും. ഭാര്യ: സീനത്ത് കൊടശേരി. മക്കൾ :ജംഷീർ (ജിദ),ബാദുഷ, നിസ്വ.
മലപ്പുറം: കോവിഡ് സ്ഥിരികരിച്ചതിനെ തുടർന്ന് ജിദ്ദയിൽ ചികിൽസയിലായിരുന്ന മലപ്പുറം ചേങ്ങോട്ടൂർ സ്വദേശി മരിച്ചു. ചേങ്ങോട്ടൂരിലെ പുള്ളിയിൽ കുഞ്ഞാലിയുടെ മകൻ പുള്ളിയിൽ ഉമ്മർ (48) ആണ് മരിച്ചത്. ജിദ്ദ നാഷണൽ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു.
ഭാര്യ: ഉമ്മുഷമീമ. മക്കൾ: മുഹമ്മദ് ബിൽഷാദ്, മുൻഫില, അൻസില, നജ്ല. സഹോദരങ്ങൾ ഉണ്ണീൻകുട്ടി (ജിദ്ദ), ജാബിർ, അക്ബർ, സമീർ (ജിദ്ദ), അമീർ, ആമിന, ഖദീജ, സൈഫുന്നിസ. മാതാവ്: ആയിഷ. നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം സൗദിയിൽ തന്നെ കബറടക്കും.
എടപ്പാൾ: അയിലക്കാട് സ്വദേശി അബുദാബിയിൽ കോവിഡ് ബാധിച്ച് മരിച്ചു. അയിലക്കാട് ദുബായ്പടി കുണ്ടുപറന്പിൽ മൊയ്തുട്ടി (50) ആണ് മരിച്ചത്.
ഭാര്യ: റംല. മക്കൾ: സഫ്വാൻ, സഹല, സുഹൈൽ. ഖബറടക്കം അബുദാബിയിൽ നടന്നു. 30 വർഷത്തോളമായി അബുദാബിയിൽ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. അഞ്ചുമാസം മുന്പാണ് നാട്ടിൽ വന്നു പോയത്.
എടക്കര: കൊവിഡ്19 ബാധിച്ച് ജിദ്ദയിൽ ക്വാറന്ൈറനിൽ കഴിയുകയായിരുന്ന വഴിക്കടവ് സ്വദേശി മരിച്ചു. വഴിക്കടവ് പൊലീസ് സ്റ്റേഷന് സമീപം വെട്ടുക്കത്തിക്കോട്ടയിലെ പരേതനായ പുതിയത്ത് ഹൈദ്രുവിന്റെ മകൻ മുഹമ്മദ് (കുഞ്ഞു -52) ആണ് മരിച്ചത്.
ജിദ്ദ സനാഇയ്യയിൽ ടിഷ്യൂ പേപ്പർ കന്പനിയിലാണ് മുഹമ്മദ് ജോലിചെയ്തിരുന്നത്. കൊവിഡ് പോസിറ്റീവ് കാരണം കിംഗ് അബ്ദുൽ അസീസ് ഹോസ്പിറ്റലിൽ നാല് ദിവസത്തോളമായി ചികിത്സയിലായിരുന്നു. മൃതദേഹം ജിദ്ദയിൽ തന്നെ കബറടക്കും. ഭാര്യ: നബീസ. മക്കൾ: സക്കീർ ഹുസൈൻ (കുവൈറ്റ്), മുഹമ്മദ് ഷമീൽ, സഹീന. മാതാവ് ആയിശുമ്മ.
കോവിഡ് ബാധിച്ച് മരിച്ചു
12:07 AM May 30, 2020 | Deepika.com