തിരുവനന്തപുരം: സംസ്ഥാനത്തു ജൂൺ മാസത്തെ പെൻഷൻ വിതരണത്തിന് ക്രമീകരണങ്ങളായി. ഒന്നു മുതൽ അഞ്ച് വരെയുള്ള ആദ്യ അഞ്ച് പ്രവൃത്തി ദിനങ്ങളിൽ ട്രഷറികളിൽ പെൻഷൻ വിതരണം ചെയ്യും.
ജൂൺ ഒന്നിനു രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒരു മണിവരെ പിടിഎസ്ബി അക്കൗണ്ട് നമ്പർ പൂജ്യത്തിൽ അവസാനിക്കുന്ന പെൻഷൻകാർക്കും ഉച്ചയ്ക്ക് രണ്ടു മുതൽ നാലുവരെ അക്കൗണ്ട് നമ്പർ ഒന്നിൽ അവസാനിക്കുന്നവർക്കും വിതരണം ചെയ്യും. അക്കൗണ്ട് നമ്പർ രണ്ടിൽ അവസാനിക്കുന്ന പെൻഷൻകാർക്ക് രണ്ടാം തിയതി രാവിലെ 10 മുതൽ ഒന്നു വരെയും മൂന്നിൽ അവസാനിക്കുന്ന പെൻഷൻകാർക്ക് ഉച്ചയ്ക്ക് രണ്ടു മുതൽ നാലു വരെയുമാണ് ക്രമീകരണം ഏർപ്പെടുത്തിയിരിക്കുന്നത്.
അക്കൗണ്ട് നമ്പർ നാലിൽ അവസാനിക്കുന്നവർക്ക് മൂന്നിന് രാവിലെ 10 മുതൽ ഒരുമണിവരെയും അഞ്ചിൽ അവസാനിക്കുന്നവർക്ക് അതേ ദിവസം ഉച്ചയ്ക്ക് രണ്ടു മുതൽ നാലുവരെയുമാണ് സമയം. നാലിനു രാവിലെ 10 മുതൽ ഒരു മണിവരെ പിടിഎസ്ബി അക്കൗണ്ട് നമ്പർ ആറിൽ അവസാനിക്കുന്നവർക്കും ഉച്ചകഴിഞ്ഞ് രണ്ട് മുതൽ നാല്വരെ ഏഴിൽ അവസാനിക്കുന്നവർക്കും പെൻഷൻ വിതരണം ചെയ്യും. അക്കൗണ്ട് നമ്പർ എട്ടിൽ അവസാനിക്കുന്ന പെൻഷൻകാർക്ക് അഞ്ചിനു രാവിലെ 10 മുതൽ ഒരു മണിവരെയും ഒൻപതിൽ അവസാനിക്കുന്ന പെൻഷൻകാർക്ക് ഉച്ചയ്ക്ക് രണ്ടു മുതൽ നാലുവരെയുമാണ് പെൻഷൻ വിതരണം.
ഒരു സമയം ട്രഷറി കാഷ്/ ടെല്ലർ കൗണ്ടറുകൾക്കു സമീപം പരമാവധി അഞ്ചു പേരെ മാത്രമേ അനുവദിക്കൂ. വരി നിൽക്കേണ്ട സാഹചര്യം ഉണ്ടായാൽ അനുവദനീയമായ ശാരീരിക അകലം പാലിക്കണം.
എല്ലാവരും ട്രഷറിയിൽ പ്രവേശിക്കുന്നതിന് മുൻപ് കൈകൾ സോപ്പോ ഹാൻഡ് സാനിറ്റൈസറോ ഉപയോഗിച്ച് അണുവിമുക്തമാക്കേണ്ടതും മുഖാവരണം ധരിക്കേണ്ടതുമാണ്.
ജൂണിലെ പെൻഷൻ വിതരണത്തിനു ക്രമീകരണങ്ങളായി
12:22 AM May 29, 2020 | Deepika.com