തിരുവനന്തപുരം: സംസ്ഥാന ചീഫ് സെക്രട്ടറിയായി ഡോ. വിശ്വാസ് മേത്തയെ നിയമിക്കാൻ മന്ത്രിസഭ തീരുമാനിച്ചു. നിലവിലെ ചീഫ് സെക്രട്ടറി ടോം ജോസ് ഈ മാസാവസാനം വിരമിക്കുന്ന സാഹചര്യത്തിലാണു നിയമനം. അടുത്ത ഫെബ്രുവരിവരെ കാലാവധിയുള്ളവിശ്വാസ് മേത്ത ചുമതല ഏൽക്കുന്നതോടെ സംസ്ഥാന ഭരണത്തിന്റെയും പോലീസിന്റെയും തലപ്പത്ത് മറ്റു സംസ്ഥാനങ്ങളിൽനിന്നുള്ളവരാകും.
ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറിയാണ് നിലവിൽ ഡോ. വിശ്വാസ് മേത്ത.
1986 ബാച്ച് ഐഎഎസ് കേരള കേഡർ ഉദ്യോഗസ്ഥനാണ് രാജസ്ഥാൻ സ്വദേശിയായ ഇദ്ദേഹം. ദേശീയ തലത്തിൽ ഒൻപതാം റാങ്കായിരുന്നു. ഐഎഎസ് ലഭിക്കുന്നതിന് മുമ്പ് 1985ൽ ഐപിഎസ് ലഭിച്ചിരുന്നു. 1983ൽ സ്റ്റീൽ അഥോറിറ്റി ഓഫ് ഇന്ത്യയിൽ മാനേജ്മെന്റ് ട്രെയിനിയായിരുന്നു.
കൊല്ലം ജില്ലയിൽ അസിസ്റ്റന്റ് കളക്ടറായാണ് കേരളത്തിൽ ഔദ്യോഗിക ജീവിതം ആരംഭിച്ചത്. 1987 ജൂൺ മുതൽ 1988 ജൂൺ വരെ കൊല്ലം ജില്ലയിൽ പ്രവർത്തിച്ചു. 1988 ഒക്ടോബർ മുതൽ 1991 ജനുവരി വരെ വയനാട് ജില്ലയിൽ മാനന്തവാടി അസിസ്റ്റന്റ് കളക്ടറായി. 1991 ജനുവരിയിൽ റവന്യു വകുപ്പിൽ ഡെപ്യൂട്ടി സെക്രട്ടറിയായി. 1992 ഫെബ്രുവരിയിൽ കേരള സ്റ്റേറ്റ് കോ-ഓപറേറ്റീവ് റബർ മാർക്കറ്റിംഗ് ഫെഡറേഷൻ ലിമിറ്റഡ് എംഡി. പിന്നീട് ഇടുക്കി, വയനാട് ജില്ലകളിൽ കളക്ടറായി. മിൽമ മാനേജിംഗ് ഡയറക്ടർ, ടൂറിസം ഡെപ്യൂട്ടി സെക്രട്ടറി എന്നിവ ഉൾപ്പെടെ നിരവധി സ്ഥാനങ്ങൾ വഹിച്ചു.
ജിയോളജിയിൽ എംഎസ്സിയും എംബിഎയും നേടിയി ട്ടുണ്ട്. സാംസ്കാരിക ടൂറിസവും ഭരണനിർവഹണവും എന്ന വിഷയത്തിൽ പിഎച്ച്ഡി നേടി.
ഡോ. വിശ്വാസ് മേത്ത പുതിയ ചീഫ് സെക്രട്ടറി
12:53 AM May 28, 2020 | Deepika.com