തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പുതിയ ചീഫ് സെക്രട്ടറിയെ ഇന്നത്തെ മന്ത്രിസഭാ യോഗത്തിൽ തീരുമാനിക്കും. ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത പുതിയ ചീഫ് സെക്രട്ടറിയാകാനാണു സാധ്യത.
നിലവിലെ ചീഫ് സെക്രട്ടറി ടോം ജോസ് 31നു വിരമിക്കുന്ന സാഹചര്യത്തിലാണ് പുതിയ ചീഫ് സെക്രട്ടറിയെ നിയോഗിക്കേണ്ടത്. 1986 ബാച്ച് കേരള കേഡർ ഉദ്യോഗസ്ഥനായ വിശ്വാസ് മേത്ത രാജസ്ഥാൻ സ്വദേശിയാണ്. അടുത്ത വർഷം ഫെബ്രുവരി വരെ സർവീസിൽ തുടരാനാകും.
ഇദ്ദേഹത്തേക്കാൾ സീനിയറായ മൂന്നു കേരള കേഡർ ഉദ്യോഗസ്ഥരുണ്ടെങ്കിലും ഇവർ കേന്ദ്ര ഡെപ്യൂട്ടേഷനിലാണ്. മടങ്ങിയെത്താൻ ഇവർ താത്പര്യം അറിയിച്ചിട്ടില്ല. ഇതിനാൽ വിശ്വാസ് മേത്തയ്ക്കു മുൻതൂക്കമായി. ആഭ്യന്തര സെക്രട്ടറി എന്ന നിലയിൽ മുഖ്യമന്ത്രി പിണറായി വിജയനുമായി അടുത്ത ബന്ധവുമുണ്ട്.
വിരമിക്കുന്ന മുറയ്ക്കു ചീഫ് സെക്രട്ടറി ടോം ജോസിന് ഉന്നത തസ്തികയിൽ പുന൪നിയമനം നൽകിയേക്കുമെന്നാണു സൂചന. ലോകബാങ്കിന്റെ ആയിരക്കണക്കിനു കോടി രൂപ ഉപയോഗിച്ചുള്ള റീബിൽഡ് കേരളയുടെ തലപ്പത്ത് പരിഗണിക്കപ്പെടാനാണു സാധ്യത. കോവിഡ് പ്രതിരോധത്തിന്റെ ഏകോപന ചുമതലയുള്ള തസ്തികയും പരിഗണനയിലുണ്ട്.
അതിനിടെ, വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥരെ ലക്ഷങ്ങൾ ശമ്പളം നൽകി ഉന്നത തസ്തികയിൽ നിയമിക്കുന്നതിൽ ചില മന്ത്രിമാ൪ക്ക് അടക്കം വിയോജിപ്പുണ്ടെന്നും സൂചനയുണ്ട്. അതിനാൽ പുന൪നിയമനം പിന്നീടു മാത്രമേ ഉണ്ടാകാൻ സാധ്യതയുള്ളുവെന്നാണു വിവരം.
പുതിയ ചീഫ് സെക്രട്ടറി ഇന്നത്തെ മന്ത്രിസഭാ യോഗത്തിൽ
12:40 AM May 27, 2020 | Deepika.com