കാലടി: ടോവിനോ തോമസിനെ നായകനാക്കി ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന ‘’മിന്നല്‍ മുരളി’ എന്ന സിനിമയ്ക്കായി കാലടി മണപ്പുറത്ത് നിര്‍മിച്ച സെറ്റ് ഒരു സംഘം ആളുകള്‍ തകര്‍ത്തു. കാലടി മണപ്പുറത്ത് തയാറാക്കിയ ക്രിസ്ത്യന്‍ പള്ളിയുടെ സെറ്റാണ് ഒരുകൂട്ടം ആളുകള്‍ ചേര്‍ന്നു കൂടവും കമ്പിപ്പാരയുമായി എത്തി കുത്തിപ്പൊളിച്ചത്.
സംഭവത്തില്‍ രാഷ്ട്രീയ ബജ്റംഗ്ദള്‍ പ്രവര്‍ത്തകനായ മുഖ്യപ്രതി മലയാറ്റൂർ സ്വദേശി വെട്ടിക്കാട്ടിൽ രതീഷ് (കാര രതീഷ്- 37) നെ ആലുവ എസ്പി കെ.കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ് തു. ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നോടെയാണ് സംഭവം. ക്രിസ്ത്യന്‍ പള്ളിയുടെ സെറ്റാണ് ഇട്ടിരുന്നതെന്നും ഇത് മതവികാരം വ്രണപ്പെടുത്തുന്നുവെന്നും ആരോപിച്ചാണ് സെറ്റ് തകര്‍ത്തത്. സെറ്റ് ക്ഷേത്രത്തിനു മുന്നില്‍ നില്‍ക്കുന്നുവെന്നാണ് ഇവരുടെ ആരോപണം. പ്രവീ ൺ തൊഗാഡിയ രൂപീക രിച്ച എഎച്ച്പിയുടെ യുവജനസംഘടനയാണ് രാഷ്ട്രീയ ബജ്റംഗ്ദൾ.സിനിമയുടെ ക്ലൈമാക്സ് ചിത്രീകരണത്തിനായി കഴിഞ്ഞ ഫെബ്രുവരിയിലാണ് ലക്ഷക്കണക്കിന് രൂപ ചെലവില്‍ സിനിമാ സെറ്റ് നിര്‍മാണം തുടങ്ങിയത്.
കാലടി ശിവരാത്രി മണപ്പുറത്ത് നിര്‍മിച്ചിട്ടുള്ള താത്കാലിക ക്ഷേത്രത്തില്‍ നിന്ന് 500 മീറ്ററോളം അകലത്തിലാണ് സെറ്റ്. പള്ളി മോഡലിലുള്ള സെറ്റ് നിര്‍മാണം അവസാന ഘട്ടത്തിലെത്തി നില്‍ക്കുമ്പോഴാണ് അപ്രതീക്ഷിതമായി മാര്‍ച്ചില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്. അതോടെ സെറ്റ് നിര്‍മാണം നിര്‍ത്തിവച്ചു. കാലടി ഗ്രാമപഞ്ചായത്തിന്റെയും കാലടി ശിവരാത്രി ആഘോഷസമിതിയുടെയും അനുവാദത്തോടെയാണ് സെറ്റിട്ടതെന്നാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്.
കാലടി പഞ്ചായത്തിന്റെയും കാലടി മണപ്പുറം ക്ഷേത്ര ഭാരവാഹികളുടെയും അനുമതി വാങ്ങിയ ശേഷമാണ് സെറ്റ് നിര്‍മിച്ചിട്ടുള്ളതെന്ന് നിര്‍മാതാവായ സോഫിയ പോള്‍ അറിയിച്ചു. സെറ്റ് പൊളിച്ചത് നിര്‍ഭാഗ്യകരമെന്ന് ക്ഷേത്ര സമിതിയും വ്യക്തമാക്കി. സംഭവത്തില്‍ നിര്‍മാതാക്കള്‍ക്കുവേണ്ടി പ്രൊഡ്യൂസേഴ്സ് അസോസിയേഷന് ഭാരവാഹികള്‍ ആലുവ റൂറല്‍ എസ്പി കെ.കാര്‍ത്തിക്കിന് പരാതി നല്കി. കൂടാതെ സെറ്റ് പൊളിച്ചവര്‍ക്കെതിരെ കാലടി പഞ്ചായത്തും മണപ്പുറം ശിവരാത്രി ആഘോഷ സമിതിയും പെരുമ്പാവൂര്‍ പോലീസിലും പരാതി നല്‍കിയിട്ടുണ്ട്. കുറ്റക്കാരെ കണ്ടെത്തണമെന്ന് ഫെഫ്കയും ആവശ്യപ്പെട്ടിട്ടു.
നിയമനടപടികളുമായി മുന്നോട്ടുപോകുമെന്ന് നിര്‍മാതാവ് സോഫിയ പോളും നായകന് ടൊവിനോ തോമസും പറഞ്ഞു. സെറ്റ് പൊളിച്ചതിനുപിന്നില്‍ വര്‍ഗീയ വാദികളാണെന്ന് ടൊവിനോ തോമസ് പ്രതികരിച്ചു. ലക്ഷങ്ങള്‍ മുടക്കി നിര്‍മിച്ച ഒരു സെറ്റ് പൊളിച്ചതിന്റെ കാരണം വലിയ ഞെട്ടല്‍ ഉണ്ടാക്കുന്നതാണെന്ന് നടന് അജു വര്‍ഗീസ് ഫേസ്ബുക്കില്‍ പ്രതികരിച്ചു.
സെറ്റ് പൊളിച്ച സംഭവത്തില്‍ പ്രതിഷേധവുമായി നിരവധി സിനിമാ പ്രവര്‍ത്തകര്‍ രംഗത്തു വന്നിട്ടുണ്ട്. ഇതിനിടെ സെറ്റ് പൊളിച്ചവരെ അഭിനന്ദിച്ച് അന്താരാഷ്ട്ര ഹിന്ദു പരിഷത് ജനറല്‍ സെക്രട്ടറി എന്ന് സ്വയം പരിചയപ്പെടുത്തി ഹരി പാലോട് എന്നയാള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടിരുന്നു. സെറ്റ് പൊളിക്കുന്നതിന്റെ ചിത്രം സഹിതം രാഷ്ട്രീയ ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ക്ക് ആശംസ നേര്‍ന്നാണ് ഇയാള്‍ പോസ്റ്റ് ഇട്ടിരുന്നത്.
കാലടിയില്‍ സിനിമാ സെറ്റ് തകര്‍ത്തു; ഒരാള്‍ പിടിയില്‍
01:13 AM May 26, 2020 | Deepika.com