തിരുവനന്തപുരം: പ്രതിപക്ഷത്തെ വിശ്വാസത്തിലെടുത്തും സഹകരിപ്പിച്ചും മുന്നോട്ടു പോകാനാണു സർക്കാർ ആഗ്രഹിക്കുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യമന്ത്രിയുടെ പ്രതിവാര സംവാദ പരിപാടിയായ നാം മുന്നോട്ടിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നാടിന്റെ എല്ലാ നല്ല കാര്യങ്ങൾക്കും പ്രതിപക്ഷം ഒപ്പം നിൽക്കുമെന്നാണു പ്രതീക്ഷിക്കുന്നത്. അത്തരം കാര്യങ്ങൾ അവരുമായി ചർച്ച ചെയ്യാൻ സർക്കാരിന് ഒരു പ്രയാസവുമില്ല.
പ്രതിപക്ഷം നാടിന്റെ ഭാഗമാണ്. നാട് അഭിവൃദ്ധിപ്പെടാൻവേണ്ടിയാണ് അവരും നിലകൊള്ളുന്നത്.പ്രതിപക്ഷം ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണു സർവകക്ഷിയോഗം വിളിച്ചത്. പ്രതിപക്ഷത്തെ ചർച്ചയ്ക്കു വിളിക്കുന്നതിന് ആർക്കും ഒരു പ്രശ്നവുമില്ല. പക്ഷേ, വിളിക്കാൻ ആലോചിക്കുമ്പോൾതന്നെ വിളിച്ചിട്ട് എന്താ കാര്യം എന്നു തോന്നുന്ന പ്രതീതി ഉണ്ടാക്കാൻ പാടില്ലെന്നു മാത്രം.
എല്ലാക്കാര്യത്തിലും ഒരു നെഗറ്റീവ് സമീപനം എല്ലാക്കാലത്തും നമ്മുടെ നാട്ടിൽ ആരും സ്വീകരിക്കാൻ പാടില്ല. എതിർക്കേണ്ട കാര്യങ്ങളെ എതിർക്കണം. അതിനെ ആരും ചോദ്യം ചെയ്യില്ല. അതിൽ ശരിയുണ്ടെങ്കിൽ സർക്കാർ സ്വീകരിക്കും. പ്രതിപക്ഷത്തു ക്രിയാത്മകമായി ചിന്തിക്കുന്ന ധാരാളം പേരുണ്ട്.
കോവിഡ് മഹാമാരിയുടെ കാലത്തു തന്റെ ജന്മദിനത്തിനൊന്നും പ്രസക്തിയില്ലെന്നും നാടു നേരിടേണ്ടിവരുന്ന പ്രശ്നമാണു പ്രധാനമായി കാണേണ്ടതെന്നും അദ്ദേഹം പ്രതികരിച്ചു.
പ്രതിപക്ഷത്തെ സഹകരിപ്പിച്ചു മുന്നോട്ടു പോകും: മുഖ്യമന്ത്രി
01:07 AM May 24, 2020 | Deepika.com