തിരുവനന്തപുരം: കേരളത്തിലേക്കു സ്പെഷൽ ട്രെയിനുകൾ അയയ്ക്കുന്പോൾ സംസ്ഥാന സർക്കാരിനെ മുൻകൂട്ടി അറിയിക്കണമെന്നും യാത്രക്കാരുടെ ലിസ്റ്റും വിശദവിവരങ്ങളും ലഭ്യമാക്കണമെന്നും റെയിൽവേ മന്ത്രി പിയൂഷ് ഗോയലിന് അയച്ച ഇ-മെയിൽ സന്ദേശത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു.
യാത്രക്കാരുടെ പേരും വിലാസവും ഫോണ്നന്പരും താമസിക്കാൻ പോകുന്ന സ്ഥലവും സംബന്ധിച്ച വിവരങ്ങൾ സംസ്ഥാനത്തിനു ലഭിച്ചില്ലെങ്കിൽ കോവിഡ്-19 വ്യാപനം പ്രതിരോധിക്കാനുള്ള സർക്കാരിന്റെ ശ്രമങ്ങൾക്കു വലിയ തടസമാകും. മുംബൈയിൽനിന്നു മേയ് 22ന് തിരുവനന്തപുരത്തേക്കു പുറപ്പെട്ട പ്രത്യേക ട്രെയിനിന്റെ കാര്യം സംസ്ഥാന സർക്കാരിനെ അറിയിച്ചിരുന്നില്ല. അറിയിപ്പ് ലഭിച്ചെങ്കിൽ മാത്രമേ യാത്രക്കാരുടെ ആരോഗ്യപരിശോധനയ്ക്കും അവരുടെ തുടർന്നുള്ള യാത്രയ്ക്കും ക്വാറന്റൈൻ ഫലപ്രദമാക്കാനും സംവിധാനമുണ്ടാക്കാനും കഴിയൂ എന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
സ്പെഷൽ ട്രെയിൻ അയയ്ക്കുന്പോൾ മുൻകൂട്ടി വിവരം നൽകണം: മുഖ്യമന്ത്രി
12:41 AM May 24, 2020 | Deepika.com