കോഴിക്കോട്: ജില്ലയില്‍ ആരോഗ്യപ്രവർത്തകനുൾപ്പെടെ അഞ്ചു പേര്‍ക്കുകൂടി കോവിഡ് ബാധിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
മുപ്പത്തൊമ്പതുകാരനായ വടകര താഴെയങ്ങാടി സ്വദേശിയാണ് കോവിഡ് സ്ഥിരീകരിച്ച ആരോഗ്യപ്രവർത്തകൻ. കണ്ണൂർ ജില്ലാ ആശുപത്രിയില്‍ ജോലി ചെയ്തുവരികയായിരുന്നു. ഇപ്പോൾ അവിടെത്തന്നെ ചികിത്സയിലാണ്. മറ്റൊരാൾ 55 വയസുള്ള അരിക്കുളം സ്വദേശിയാണ്. ഏഴിന് രാത്രി അബുദാബിയില്‍നിന്ന് കരിപ്പൂരിലെത്തി കെയർ സെന്ററിൽ നിരീക്ഷണത്തിലായിരുന്നു. ഇപ്പോൾ കോഴിക്കോട്ടുള്ള ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിൽ ചികിത്സയിലാണ്.
മൂന്നാമത്തെയാൾ 46 വയസുള്ള തിക്കോടി സ്വദേശി കുവൈറ്റ്-കരിപ്പൂര്‍ വിമാനത്തിൽ 13 ന് എത്തി. തുടർന്ന് നിരീക്ഷണത്തിലായിരുന്നു. ഇദ്ദേഹവും ലക്ഷദ്വീപ് ഗസ്റ്റ്ഹൗസിൽ ചികിത്സയിലാണ്. നാലാമത്തെയാൾ 42 വയസുള്ള കോഴിക്കോട് കോര്പ്പറേഷന് ചാലപ്പുറം സ്വദേശിയാണ്. 20 ന് കുവൈറ്റ് -കണ്ണൂര്‍ വിമാനത്തില്‍ എത്തിയ ഇദ്ദേഹം കണ്ണൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ്.
അഞ്ചാമത്തെയാള്‍ 32 വയസുള്ള അഴിയൂര്‍ സ്വദേശിയാണ്. 20 ന് കുവൈറ്റ്-കണ്ണൂര്‍ വിമാനത്തില്‍ എത്തിയ ഇദ്ദേഹവും കണ്ണൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ്. എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണ്.
കോഴിക്കോട്ട് ആരോഗ്യ പ്രവർത്തകനു കോവിഡ്
01:17 AM May 23, 2020 | Deepika.com