തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 12 പേർക്കു കോവിഡ്- 19 സ്ഥിരീകരിച്ചു. 13 പേർ രോഗവിമുക്തരായി. ഇന്നലെ രോഗബാധിതരാണെന്നു കണ്ടെത്തിയ 12 പേരിൽ 11 പേർക്കും സന്പർക്കം മൂലമാണു രോഗം ബാധിച്ചത്. ഒരാൾ വിദേശത്തു നിന്നു വന്നതാണ്.
കാസർഗോഡ്, കണ്ണൂർ - നാലു വീതം, മലപ്പുറം - 2, കൊല്ലം, തിരുവനന്തപുരം- ഒരാൾ വീതവുമാണ് ഇന്നലെ രോഗബാധിതരായത്. എറണാകുളത്ത് ആറും കണ്ണൂരിൽ മൂന്നും ഇടുക്കി, മലപ്പുറം ജില്ലകളിൽ രണ്ടു പേർ വീതവുമാണ് രോഗവിമുക്തി നേടിയത്.
സംസ്ഥാനത്ത് ഇപ്പോൾ 1,36,195 പേർ നിരീക്ഷണത്തിൽ കഴിയുന്നുണ്ട്. ഇവരിൽ 1,35,472 പേർ വീട്ടിലും 723 പേർ ആശുപത്രിയിലുമാണ് നിരീക്ഷണത്തിൽ കഴിയുന്നത്. 153 പേരെ ഇന്നു പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതുവരെ 12,710 സാന്പിളുകൾ പരിശോധനയ്ക്ക് അയച്ചു. ഇതിൽ 11,469 എണ്ണം പരിശോധനയിൽ നെഗറ്റീവ് ആയി. സംസ്ഥാനത്തെ കോവിഡ് ബാധിതരിൽ 7.5 ശതമാനം പേർ 60 വയസിനു മുകളിലുള്ളവരും 6.9 ശതമാനം പേർ 20 വയസിനു താഴെയുള്ളവരുമാണെന്ന് മുഖ്യമന്ത്രി അറിയിച്ചു.
സംസ്ഥാനത്ത് 12 പേർക്കുകൂടി കോവിഡ്
10:49 PM Apr 09, 2020 | Deepika.com