കൊച്ചി: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഇടതുമുന്നണിയും സര്‍ക്കാരും നടത്തുന്ന രാഷ്ട്രീയവത്കരണം പുറത്തുവന്നപ്പോഴുള്ള ജാള്യത മറയ്ക്കുന്നതിനാണ് പ്രതിപക്ഷ നേതാക്കളെ കടന്നാക്രമിക്കാന്‍ മുഖ്യമന്ത്രിയും ഇടതുമുന്നണി കണ്‍വീനറും ശ്രമിക്കുന്നതെന്നു യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബഹനാന് എംപി.
കോവിഡിന്റെ ഭാഗമായി സര്‍ക്കാര്‍ സ്വീകരിച്ച എല്ലാ നല്ല പ്രവര്‍ത്തനങ്ങള്‍ക്കും കലവറയില്ലാത്ത പിന്തുണയാണ് യുഡിഎഫ് നല്‍കിയത്.
കേന്ദ്രസര്‍ക്കാരില്‍നിന്നു ലഭിക്കേണ്ട പണം നഷ്ടപ്പെടുത്തിയതും സര്‍ക്കാര്‍ പ്രഖ്യാപിച്ച പാക്കേജിലെ അപാകതകള്‍ ശ്രദ്ധയില്‍പ്പെടുത്തിയതും സാലറി ചലഞ്ച് പോലെയുള്ള നടപടിയിലെ ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാട്ടിയതും പ്രതിപക്ഷ ധർമത്തിന്റെ ഭാഗമായാണ്. പ്രളയകാലത്ത് കിട്ടിയ ദുരിതാശ്വാസ ഫണ്ടില്‍ നടന്ന കോടികളുടെ അഴിമതി പുറത്തുവന്നതിന്റെ കൂടി അടിസ്ഥാനത്തിലാണ് ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയത്.
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ രാഷ്ട്രീയം നോക്കാതെ പിന്തുണയ്ക്കുന്ന യുഡിഎഫ് നിലപാട് തുടരുമെന്നും ആര് എതിര്‍ത്താലും വീഴ്ചകളും തെറ്റുകളും തുറന്നുപറയുമെന്നും യുഡിഎഫ് കണ്‍വീനര്‍ പറഞ്ഞു.
പ്രതിപക്ഷ നേതാക്കൾക്കെതിരേയുള്ള നീക്കം ജാള്യത മറയ്ക്കാനെന്നു യുഡിഎഫ്
10:40 PM Apr 09, 2020 | Deepika.com