തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തിനായി പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ പിൻവലിക്കുന്നത് സംബന്ധിച്ച നിർദേശങ്ങൾ സമർപ്പിക്കുന്നതിനായി യുഡിഎഫ് നിയോഗിച്ച വിദഗ്ധ സമിതിയുടെ റിപ്പോർട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കൈമാറി. കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധിക്കും രാഹുൽ ഗാന്ധിക്കും റിപ്പോർട്ടിന്റെ പകർപ്പ് നൽകി. റിപ്പോർട്ടിന്റെ കോപ്പി മുഖ്യമന്ത്രി പിണറായി വിജയനും നൽകിയിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചു.
10 മാനദണ്ഡങ്ങൾ ഉപയോഗിച്ച് ജില്ലകളെ നാല് തരത്തിൽ തരം തിരിച്ചാണ് റിപ്പോർട്ട് തയാറാക്കിയത്. ലോ റിസ്ക്, മീഡിയം റിസ്ക്, ഹൈ റിസ്ക്, വെരി ഹൈ റിസ്ക് എന്നിവയാണിവ. ഇതനുസരിച്ചായിരിക്കണം ലോക്ക് ഡൗണ്‍ ഘട്ടംഘട്ടമായി പിൻവലിക്കേണ്ടതെന്നും റിപ്പോർട്ടിൽ നിർദേശിക്കുന്നു.
പരിശോധനാ സംവിധാനം വർധിപ്പിക്കുക, റാപ്പിഡ് ടെസ്റ്റ് വർധിപ്പിക്കുക, റാൻഡം ടെസ്റ്റ് വർധിപ്പിക്കുക തുടങ്ങിയ നിർദേശങ്ങളും റിപ്പോർട്ട് മുന്നോട്ടുവയ്ക്കുന്നു. അന്താരാഷ്ട്ര യാത്രയുടെ കാര്യം മെയ് 15 നു ശേഷം സാഹചര്യം പരിശോധിച്ച് തീരുമാനിക്കണം. എങ്കിലും വിദേശത്ത് അകപ്പെട്ടുപോയ പ്രവാസികൾക്ക് പ്രത്യേക വിമാന സർവീസ് അനുവദിക്കുന്നുണ്ടെങ്കിൽ അതിന് ഇളവ് നൽകണമെന്ന് റിപ്പോർട്ട് ആവശ്യപ്പെടുന്നു. വരുന്നവർ നിർബന്ധമായും ക്വാററ്റൈനിൽ പോകേണ്ടതാണ്.
കോവിഡ് പ്രശ്നങ്ങളിൽ നിന്നും കര കയറയറുവാൻ വേണ്ടി പ്രത്യേക സിമിലെസ് പാക്കേജ് ആവശ്യപ്പെടണം. ഇതു കൂടാതെ, ധനകമ്മി വക വയ്ക്കാതെ കേന്ദ്രസർക്കാരിന്റെ പബ്ലിക്ക് സ്പെൻഡിംഗ് വർധിപ്പിക്കണമെന്നും റിപ്പോർട്ട് ആവശ്യപ്പെടുന്നു.കേന്ദ്രസർക്കാർ സംസ്ഥാന സർക്കാരുകൾക്കുനൽകുന്ന സംസ്ഥാന വിഹിതം വർധിപ്പിക്കണം. അതുപോലെ ഇപ്പോൾ നിലവിലുള്ള വായ്പാ പരിധി മൂന്നു ശതമാനത്തിൽ നിന്ന് അഞ്ചു ശതമാനമായി വർധിപ്പിക്കണം. കോവിഡുമായി ബന്ധപ്പെട്ട റിസർച്ച് പരിപോഷിപ്പിക്കാൻ ഒരു പ്രത്യേക കമ്മിറ്റിക്ക് രൂപം നൽകാനും കഴിയണം. കോവിഡ് റിസർച്ച് ഫണ്ട് രൂപീകരിക്കണം. ദേശീയ തലത്തിലുള്ള ഏകോപനത്തിനായി പ്രധാനമന്ത്രി, മുഖ്യമന്ത്രിമാരോട് ആഴ്ചതോറും വീഡിയോ കോൺഫറൻസ് നടത്തണമെന്നും റിപ്പോർട്ടിൽ ആവശ്യപ്പെടുന്നുണ്ട്.
പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ. മുനീർ കണ്‍വീനറായ സമിതിയെയാണ് നിയോഗിച്ചത്. മുൻ കാബിനറ്റ് സെക്രട്ടറി കെ. എം. ചന്ദ്രശേഖർ, പ്ലാനിംഗ് ബോർഡ് മുൻ അംഗങ്ങളായ സി.പി. ജോണ്‍, ജി. വിജയരാഘവൻ, ഐഎംഎ മുൻ പ്രസിഡന്റ് ഡോ. മാർത്താണ്ഡപിള്ള, ഐ എം എ കേരള ഘടകം മുൻ പ്രസിഡന്റ് ഡോ. ശ്രീജിത്ത് എൻ. കുമാർ, പബ്ളിക് ഹെൽത്ത് വിദഗ്ധൻ ഡോ എസ്.എസ്. ലാൽ എന്നിവരടങ്ങുന്നതാണ് സമിതി.
ലോക്ക് ഡൗണ്‍ പിൻവലിക്കൽ: യുഡിഎഫ് സമിതി റിപ്പോർട്ട് പ്രധാനമന്ത്രിക്കു സമർപ്പിച്ചു
01:05 AM Apr 09, 2020 | Deepika.com