ഈ മാസം നാലാം തീയതി സിബിഎസ്ഇ സ്കൂളുകളുടെ പ്രിൻസിപ്പൽമാർക്കായി സിബിഎസ്ഇ ബോർഡ് ചെയർപേഴ്സൻ അനിത കർവാൾ പുറത്തിറക്കിയ സർക്കുലർ ഈടുറ്റതും വിപ്ലവാത്മകവുമായ ചിന്തകളും നിർദേശങ്ങളും മുന്നോട്ടുവയ്ക്കുന്നതുമാണ്. അതിലെ തിളക്കമാർന്ന ചിന്തകളെ പരിചയപ്പെടുത്തുകയാണ് സ്റ്റേ ഹോം, സ്റ്റേ ക്രിയേറ്റീവ് എന്ന പംക്തിയിലൂടെ.
പേരുപോലെ തന്നെ,വീട്ടിലിരിക്കുന്ന ഈ കൊറോണക്കാലം എങ്ങനെ ക്രിയാത്മകമായി പ്രയോജനപ്പെടുത്താം എന്നു നോക്കാം.
പ്രതിസന്ധികളെ പ്രയോജനപ്പെടുത്താം
ലോകത്തെ സകല മേഖലയിലും എന്ന പോലെ വിദ്യാഭ്യാസമണ്ഡലത്തിലും കോവിഡ്-19 വലിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നു. സാമൂഹിക അകലം പാലിക്കേണ്ടതുകൊണ്ട് വിദ്യാലയങ്ങൾക്ക് തുറന്നുപ്രവർത്തിക്കാൻ സാധിക്കുന്നില്ല. നിരവധി പ്രവൃത്തിദിനങ്ങൾ നഷ്ടപ്പെടുന്നതുകൊണ്ട്, എങ്ങനെ പാഠഭാഗങ്ങൾ പൂർത്തിയാക്കാനാകുമെന്ന ഉത്കണ്ഠ പലരെയും അലട്ടുന്നു. എന്നാൽ, ആരും അസ്വസ്ഥരാകേണ്ടതില്ല. കാരണം ഈ മഹാമാരി നമുക്കായി തുറക്കുന്നത് പുത്തൻ സാധ്യതകളുടെ വലിയ കലവറതന്നെയാണ്.
ലോകത്തെ മുൾമുനയിൽ നിർത്തുന്ന ഈ കാലഘട്ടത്തിൽ, വിദ്യാഭ്യാസ സന്പ്രദായത്തിന്റെ അലകും പിടിയും മാറ്റി പരിഷ്കരിക്കാനുള്ള പരിശ്രമങ്ങൾ നടത്താൻ സാധിക്കും. വിദ്യാഭ്യാസമണ്ഡലത്തിലെ മുഖ്യപങ്കാളികളാണല്ലോ വിദ്യാർഥികളും അധ്യാപകരും മാതാപിതാക്കളും സമൂഹവും. പരസ്പരം കൈകോർത്ത് പ്രവൃത്തിക്കാനുള്ള ക്രിയാത്മകമായ മാർഗങ്ങൾ കണ്ടെത്താൻ സാധിക്കുകയാണ് ഇവിടെ പ്രധാനം. കൂടാതെ മറ്റുള്ളവർക്കുകൂടി മാതൃകയാകുന്ന വിധത്തിലുള്ള പുതിയ ചുവടുവയ്പുകൾ വിദ്യാഭ്യാസരംഗത്ത് നടപ്പാക്കണം.
എല്ലാവരും സ്വഭവനങ്ങളിൽ കഴിയുന്ന കാലയളവിൽ ഒട്ടേറെ ചലനാത്മകമായ കാര്യങ്ങൾ വിദ്യാഭ്യാസരംഗത്ത് ചെയ്യാൻ കഴിയും. വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം വർധിപ്പിക്കാൻ കൈയും മെയ്യും മറന്ന് പ്രവർത്തിക്കുന്ന ഉത്സാഹശാലികളുണ്ട്.
എന്തുകൊണ്ട് അവരുമായി കൈകോർത്ത് വിദ്യാഭ്യാസരംഗത്ത് കാതലായ മാറ്റങ്ങൾ വരുത്തിക്കൂടാ? വിദ്യാഭ്യാസരംഗത്തെ പ്രശ്നങ്ങൾക്കു മാതാപിതാക്കളുടെ സഹകരണത്തോടെ വ്യത്യസ്തമായ പരിഹാരമാർഗങ്ങൾ കണ്ടെത്തിക്കൂടേ?
കലകളുടെ ചിലന്പൊലികൊണ്ട് വിദ്യാഭ്യാസത്തെ മധുരതരമാക്കാൻ സാധിക്കും. സംഗീതം, കലകൾ, സിനിമ, സ്പോർട്സ് എന്നിവ സമർഥമായി പ്രയോജനപ്പെടുത്തി വിദ്യാഭ്യാസം ഏറെ ആകർഷകമാക്കാം. ക്വിസ് പ്രോഗ്രാമുകൾ, പൂന്തോട്ട നിർമാണം തുടങ്ങി നിരവധി അനൗദ്യോഗിക രീതികളിലൂടെ വിദ്യാഭ്യാസത്തെ കൊച്ചു കൂട്ടുകാരുടെ ഹൃദയത്തേടു ചേർത്തു നിർത്താം. കൗതുകകരമായ രീതിയിൽ ചെയ്തു പഠിക്കാവുന്ന പ്രോജക്ടുകൾ, ജിജ്ഞാസയെ തൊട്ടുണർത്തുന്ന പഠനാഭ്യാസങ്ങൾ എന്നിവയും വിദ്യാർഥികൾക്കു നൽകണം.
ചുരുക്കത്തിൽ ഈ മഹാമാരിയുടെ ഇരുളലകളിൽ ശ്രദ്ധേയമായ വിദ്യാഭ്യാസ ചുവടുവയ്പുകളുടെ മിന്നൽപിണരുകളെ സൃഷ്ടിക്കാൻ സാധിക്കണം.
(തുടരും)
തയാറാക്കിയത് :
ഫാ. സണ്ണി മണിയാക്കുപാറ
പ്രിൻസിപ്പൽ, സെന്റ് ആന്റണീസ്
പബ്ലിക് സ്കൂൾ
ആനക്കല്ല്, കാഞ്ഞിരപ്പള്ളി
കൊറോണക്കാലം ക്രിയാത്മകമാക്കാം
12:14 AM Apr 08, 2020 | Deepika.com