കണ്ണൂർ: കേരളം ഇന്നു നേരിടുന്ന അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധിക്കു കാരണം പിണറായി സർക്കാരിന്റെ ധനകാര്യ മാനേജ്മെന്റിന്റെ പിടിപ്പുകേടും ധൂർത്തും മൂലമാണെന്നും കൊറോണയെ പഴിചാരി യാഥാർഥ്യങ്ങളിൽനിന്ന് ഒളിച്ചോടാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും കോൺഗ്രസ് നിയമസഭാകക്ഷി ഉപനേതാവ് കെ.സി. ജോസഫ് എംഎൽഎ.
സാലറി ചലഞ്ച് പ്രഖ്യാപിക്കുന്നതിനു മുമ്പ് പ്രളയ ദുരിതാശ്വാസത്തിന് ആകെ എത്ര കോടി ലഭിച്ചുവെന്നും എത്ര കോടി ചെലവഴിച്ചുവെന്നും വ്യക്തമാക്കുന്ന ധവളപത്രം പുറപ്പെടുവിച്ച് ജനങ്ങളെ ബോധ്യപ്പെടുത്തണമെന്ന് ധനകാര്യമന്ത്രി ഡോ. തോമസ് ഐസക്കിനുള്ള തുറന്ന കത്തിൽ കെ.സി. ജോസഫ് ആവശ്യപ്പെട്ടു.
പ്രളയ ദുരിതാശ്വാസത്തിനായി ജനങ്ങളിൽനിന്നു സംഭാവനയായി മാത്രം 4,769 കോടി രൂപ കിട്ടിയെന്നും ഇതിൽ 3,367 കോടി രൂപയാണ് ചെലവഴിച്ചതെന്നും മാർച്ച് ആദ്യവാരം നിയമസഭയിൽ ധനമന്ത്രി വെളിപ്പെടുത്തിയതാണ്. ഇതിനു പുറമെ കേന്ദ്രം സഹായമായി നൽകിയ 3,465 കോടി രൂപയും സാലറി ചലഞ്ചിലൂടെ ലഭിച്ച 2,400 കോടി രൂപയും പ്രളയക്കെടുതികൾക്ക് ചെലവഴിക്കാതെ സർക്കാരിന്റെ ദൈനംദിന ആവശ്യങ്ങൾക്കാണ് ചെലവഴിച്ചത്.
ഏഷ്യൻ ഡെവലപ്മെന്റ് ബാങ്കിൽനിന്നു റീബിൽഡ് കേരളയ്ക്കു ലഭിച്ച 1,780 കോടിയിൽ ഒരു രൂപ പോലും അതിനായി ചെലവഴിക്കാതെ വകമാറ്റി ചെലവഴിച്ചു. ഇങ്ങനെയെല്ലാം വകമാറ്റി ചെലവഴിച്ചിട്ടും തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതി വിഹിതമായ 2,020 കോടിയോ കോൺട്രാക്ടർമാരുടെ ബില്ലിന്റെ കുടിശികയായ 1,715 കോടിയോ സാമൂഹ്യ സുരക്ഷാ പെൻഷന്റെ ആറു മാസത്തെ കുടിശികയോ റബർ കർഷക സബ്സിഡിയുടെ 15 മാസത്തെ കുടിശികയോ നൽകാതെ ജനുവരി ഒന്നു മുതൽ ട്രഷറി നിയന്ത്രണം ഏർപ്പെടുത്തിയത് എന്തുകൊണ്ടാണെന്ന് ധനമന്ത്രി വ്യക്തമാക്കണം.
കൊറോണയെന്നും കോവിഡ്-19 എന്നുമൊക്കെ കേരളം ചർച്ച ചെയ്യുന്നത് മാർച്ച് ആദ്യവാരം മുതലാണ്. ജനുവരി മാസം മുതൽ തന്നെ കേരളം സാമ്പത്തിക തകർച്ചയുടെ നീർച്ചുഴിയിലായിരുന്നു. ശമ്പളവും കുടിശികയും നൽകാൻ കഴിവില്ലാത്ത സ്ഥിതിയിലും ധൂർത്തിന് യാതൊരു കുറവുമില്ല.
മുഖ്യമന്ത്രിക്ക് ഹെലികോപ്റ്റർ വാടകയ്ക്കെടുക്കാൻ മാർച്ച് 30ന് പവൻഹാൻസ് കന്പനിക്കു നൽകിയത് 1.70 കോടി രൂപ. 12 മാസം ഹെലികോപ്റ്റർ ഉപയോഗിക്കാൻ നൽകേണ്ടിവരുന്നത് 20.4 കോടി രൂപ.
സിഎജി പോലും കുറ്റപ്പെടുത്തിയ കെൽട്രോൺ രഹസ്യ കാമറ ഇടപാടിന് 6.97 കോടി രൂപ മാർച്ച് 30ന് നൽകാൻ എന്ത് അടിയന്തര ആവശ്യമാണുണ്ടായതെന്ന് ധനമന്ത്രി വ്യക്തമാക്കണമെന്നും കെ.സി. ജോസഫ് എംഎൽഎ ചൂണ്ടിക്കാട്ടി.
സാമ്പത്തിക പ്രതിസന്ധി; ധവളപത്രമിറക്കണം: കെ.സി. ജോസഫ്
12:11 AM Apr 05, 2020 | Deepika.com