തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതത്തിൽ ഒന്നാം ഗഡുവായി 1646.28 കോടി രൂപ അനുവദിച്ചു. പൊതുവിഹിതമായി 1178.20 കോടിയും പ്രത്യേക ഘടക പദ്ധതി വിഹിതമായി 407.05 കോടി രൂപയും ഗിരിവര്‍ഗ ഉപപദ്ധതി വിഹിതമായി 61.03 കോടിയുമാണ് അനുവദിച്ചിട്ടുള്ളത്. 7158 കോടിയാണ് തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതം.
മെയിന്റനന്‍സ് ഫണ്ട് ഇനത്തില്‍ വകയിരുത്തിയിട്ടുള്ള 2943.82 കോടി രൂപയുടെ ഒന്നാം ഗഡുവായി റോഡ് മെയിന്റനന്‍സ് ഇനത്തില്‍ 686.89 കോടി രൂപയും റോഡ് ഇതര മെയിന്റനന്‍സ് ഫണ്ടായി 294.38 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. പൊതു ആവശ്യ ഫണ്ടിനത്തില്‍ വകയിരുത്തിയിട്ടുള്ള 1717.23 കോടി രൂപയില്‍ ഒന്നാം ഗഡുവായി 138.29 കോടി രൂപയും അനുവദിച്ചു.
തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്ക് അനുവദിക്കപ്പെട്ടിട്ടുള്ള പദ്ധതി വിഹിതം ഉപയോഗിച്ച് 2019-20 വര്‍ഷത്തെ പെൻഡിംഗ് ബില്‍ തുക നല്‍കുന്നതിനും കോവിഡ് 19 പ്രതിരോധ പരിരക്ഷാ പ്രോജക്ടുകള്‍ക്ക് വിനിയോഗിക്കുന്നതിനും വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള തുടര്‍ പ്രവര്‍ത്തനങ്ങള്‍ അനിവാര്യമായിട്ടുള്ള കാര്‍ഷിക മേഖലയിലടക്കമുള്ള പ്രോജക്ടുകള്‍ നടപ്പിലാക്കുന്നതിനും മറ്റ് അനിവാര്യ ചുമതലകള്‍ നിര്‍വഹിക്കുന്നതിനും സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ഒന്നാംഗഡുവായി 1646 കോടി അനുവദിച്ചു
12:10 AM Apr 03, 2020 | Deepika.com