തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 24 പേർക്ക് കോവിഡ്-19 രോഗം സ്ഥിരീകരിച്ചു. ഇതിൽ പകുതിയും കാസർഗോഡ് ജില്ലയിൽനിന്നുള്ളവരാണ്. എറണാകുളം ജില്ലയിൽ മൂന്നു പേർക്കും തിരുവനന്തപുരം, തൃശൂർ, കണ്ണൂർ, മലപ്പുറം ജില്ലകളിൽ രണ്ടുപേർക്കു വീതവും പാലക്കാട് ജില്ലയിൽ ഒരാൾക്കും രോഗം സ്ഥിരീകരിച്ചു.
ഇന്നലെ രോഗം സ്ഥിരീകരിക്കപ്പെട്ടവരിൽ ഒമ്പതുപേർ വിദേശത്തുനിന്നു വന്നവരാണ്. സംസ്ഥാനത്ത് ഇതുവരെ കോവിഡ് ബാധിച്ചത് 265 പേർക്കാണ്. ഇതിൽ 191 പേരും വിദേശത്തുനിന്നെത്തിയ പ്രവാസികളാണ്. ഏഴുപേർ വിദേശികളും 67 പേർ സന്പർക്കത്തിലൂടെ രോഗം പിടിപെട്ടവരുമാണ്.
തിരുവനന്തപുരത്ത് കോവിഡ് -19 ബാധിച്ച 30 വയസുള്ളയാൾ വീട്ടിലെ നിരീക്ഷണത്തിലും 61 വയസുള്ളയാൾ ആശുപത്രിലുമാണ്. 30 വയസുള്ള ഇയാൾ ഷാർജയിൽനിന്നു വന്നയാളാണെങ്കിലും മറ്റൊരാളുടെ സന്പർക്കത്തിലൂടെയാണ് രോഗമുണ്ടായത്.
237 പേരാണ് വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളത്. തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിൽ ചികിത്സയിലായിരുന്ന ഓരോരുത്തരുടെ വീതം പരിശോധനാഫലം നെഗറ്റീവ് ആയിട്ടുണ്ട്. 26 പേർ രോഗമുക്തി നേടി ഡിസ്ചാർജായി. രണ്ടു പേരാണ് മരണമടഞ്ഞത്. 1,64,130 പേർ നിരീക്ഷണത്തിലാണ്.
ഇന്നലെ 24 പേർക്ക് കോവിഡ്-19
01:11 AM Apr 02, 2020 | Deepika.com