കൊച്ചി: ജാമ്യ ഹര്‍ജിയുള്‍പ്പെടെ 30ലേറെ ഹര്‍ജികള്‍ ഇന്നലെ ഒറ്റദിവസം കൊണ്ട് ഹൈക്കോടതി തീര്‍പ്പാക്കി. കൊവിഡ്19 രോഗ വ്യാപനത്തെത്തുടര്‍ന്ന് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ വീഡിയോ കോണ്‍ഫറന്‍സിംഗ് മുഖേനയാണ് ഡിവിഷന് ബെഞ്ച് ഹര്‍ജികള്‍ പരിഗണിച്ചത്.
സാധാരണ സിംഗിള്‍ ബെഞ്ചാണ് ജാമ്യാപേക്ഷകള്‍ പരിഗണിക്കുന്നത്. ജാമ്യ ഹര്‍ജികള്‍, ശിക്ഷ സസ്പെന്‍ഡ് ചെയ്യുന്നതിനുള്ള ഹര്‍ജികള്‍ തുടങ്ങി അടിയന്തര സ്വഭാവമുള്ള കേസുകളാണ് ഡിവിഷന് ബെഞ്ച് പരിഗണിക്കുന്നത്.
ഹൈക്കോടതിയുടെ ഉത്തരവനുസരിച്ച് സെഷന്‍സ് കോടതികളും വീഡിയോ കോണ്‍ഫറന്‍സിംഗ് മുഖേന അടിയന്തര കേസുകള്‍ പരിഗണിക്കാന്‍ നടപടി തുടങ്ങിക്കഴിഞ്ഞു. ഏഴു വര്‍ഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളിലെ കസ്റ്റഡി-വിചാരണ തടവുകാര്‍ക്ക് ഇടക്കാല ജാമ്യം നല്കാന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഈ ഇളവിന്റെ പരിധിയില്‍ വരാത്ത കേസുകള്‍ സെഷന്‍സ് കോടതികള്‍ പരിഗണിക്കാനും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് സെഷന്‍സ് കോടതികളും വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ ഹര്‍ജികള്‍ പരിഗണിക്കാന്‍ നടപടി സ്വീകരിച്ചത്.
ഒറ്റദിവസം മുപ്പതിലേറെ ഹര്‍ജികള്‍ ഹൈക്കോടതി പരിഗണിച്ച് തീര്‍പ്പാക്കി
12:19 AM Apr 02, 2020 | Deepika.com