വളപട്ടണം: ലോക്ക്ഡൗണ്‍ നിർദേശങ്ങള്‍ ലംഘിച്ച് ഇറങ്ങിനടന്നവർക്ക് തെരുവില്‍ ഏത്തമിടീല്‍ ശിക്ഷ. വളപട്ടണം സ്റ്റേഷന് പരിധിയിലെ അഴീക്കലില്‍ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് നിരത്തിലിറങ്ങിയവരെയാണ് ജില്ലാ പോലീസ് മേധാവി യതീഷ് ചന്ദ്രയുടെ നേതൃത്വത്തില്‍ പട്രോളിംഗ് നടത്തുന്ന പോലീസ് സംഘം പൊക്കിയത്. പോലീസിനെ കണ്ട ചിലര്‍ ഓടിരക്ഷപ്പെട്ടു.
ലോക്ക് ഡൗണ്‍ നിർദേശങ്ങള്‍ പാലിച്ചുകൊള്ളാമെന്നുപറഞ്ഞ് പിടിയിലായവരെക്കൊണ്ട് ഏത്തമിടീക്കുകയായിരുന്നു. ഇന്നലെ രാവിലെ പതിനൊന്നോടെയായിരുന്നു സംഭവം. ജനങ്ങളെ ബോധവത്കരിക്കുന്നതിനുകൂടിയാണ് ശിക്ഷ നല്‍കിയതെന്ന് എസ്പി പറഞ്ഞു. ലോക്ക് ഡൗണ്‍ നിർദേശങ്ങള്‍ ലംഘിക്കുന്നവർക്കെതിരേ പോലീസ് കേസെടുക്കുന്നുണ്ടെങ്കിലും ജനങ്ങള്‍ ഇപ്പോഴും കോവിഡിനെക്കുറിച്ച് ബോധവാന്മാരാകുന്നില്ലെന്നത് ഖേദകരമാണ്. നിർദേശങ്ങള്‍ ലംഘിക്കുന്നവരെ രാജ്യത്ത് പലയിടത്തും പോലീസ് അടിച്ചോടിക്കുകയാണ് ചെയ്യുന്നത്. ഇതു കണ്ടെങ്കിലും നാട്ടുകാര്‍ വീട്ടില്‍ ഇരിക്കാന്‍ തയാറാകണമെന്നും എസ്പി പറഞ്ഞു.
റോഡിൽ ഇറങ്ങിയതിന് ഏത്തമിടീപ്പിച്ച് പോലീസ്
12:39 AM Mar 29, 2020 | Deepika.com