ഡോ. വി.വി. അരുണ്‍ മിത്ര
(മെഡിക്കൽ ഓഫീസർ ഇൻ ചാർജ്, ടൂബർക്കുലോസിസ് (ടിബി) എലിമിനേഷൻ,
ചേർത്തല)
കോവിഡ് രോഗലക്ഷണങ്ങൾ എന്തൊക്കെയാണ്?
പനിയും തളർച്ചയും വരണ്ട ചുമയുമാണു പ്രധാന ലക്ഷണങ്ങൾ. ചിലർക്കു ശരീരവേദനയും തൊണ്ടവേദനയും മൂക്കൊലിപ്പും വയറിളക്കവും ഉണ്ടാകാം. ചെറിയ ബുദ്ധിമുട്ടുകളോടെ തുടങ്ങുന്ന ലക്ഷണങ്ങൾ പിന്നീട് മൂർച്ഛിക്കാം. വളരെ ചുരുക്കം പേർക്ക് അണുബാധയുണ്ടെങ്കിലും ലക്ഷണങ്ങൾ ഇല്ലാതെയുമിരിക്കാം.
രോഗം ഗുരുതരമാവുക ആർക്കൊക്കെയാണ്?
രോഗബാധിതരായ 80 ശതമാനം പേരും പ്രത്യേകിച്ചു ചികിത്സയൊന്നുമില്ലാതെ രോഗമുക്തരാകാറുണ്ട്. എന്നാൽ, ഏകദേശം ആറിലൊരാൾക്കു രോഗം ഗുരുതരമാകുന്നതായി കണ്ടുവരുന്നുണ്ട്. രക്താതിമർദം, പ്രമേഹം, ഹൃദ്രോഗം എന്നിവ ഉള്ളവർക്കു രോഗം മൂർച്ഛിക്കാനുള്ള സാധ്യത ഏറെയാണ്.
എങ്ങനെ പ്രതിരോധിക്കം?
കൃത്യമായ ഇടവേളകളിൽ സോപ്പോ സാനിറ്റെസറോ ഉപയോഗിച്ചു കൈകൾ വ്യത്തിയാക്കുന്നത് ഒരു പരിധിവരെ രോഗത്തെ ചെറുക്കാൻ സഹായിക്കും. വൃത്തിയില്ലാത്ത കൈകൾ ഉപയോഗിച്ചു നിരന്തരം കണ്ണിലും മൂക്കിലും വായിലും തൊടുന്നത് ഒഴിവാക്കുക.
എത്ര സമയം കൂടുന്പോൾ കൈ കഴുകണം?
കുറഞ്ഞത് 20 മിനിറ്റ് ഇടവേളയിലെങ്കിലും സാനിറ്റൈസർ, സോപ്പ് എന്നിവ ഉപയോഗിച്ച് കൈകൾ കഴുകണം. ആരോഗ്യ വകുപ്പ് നിർദേശിച്ച രീതിയിൽത്തന്നെ കൈകൾ ശുചിയാക്കണം. ഉള്ളം കൈ, വിരലുകൾക്കിടയിലുള്ള ഭാഗം എന്നിവിടങ്ങളെല്ലാം സോപ്പിട്ട് ഉരച്ചു കഴുകണം.
രോഗലക്ഷണങ്ങളുണ്ടെങ്കിൽ ?
തൊട്ടടുത്ത ആരോഗ്യകേന്ദ്രത്തിലോ ദിശയിലോ ഫോണിൽ വിളിച്ച് അറിയിക്കുക. അവർ നൽകുന്ന നിർദേശങ്ങൾക്ക് അനുസൃതമായി പ്രവർത്തിക്കണം. നേരിട്ട് ആശുപത്രിയിൽ പോകുന്നത് ഒഴിവാക്കണം.
തയാറാക്കിയത്: ഡി. ദിലീപ്
കോവിഡ് അറിയേണ്ടത്
12:39 AM Mar 29, 2020 | Deepika.com