തിരുവനന്തപുരം: കോവിഡ് നിരീക്ഷണത്തിലിക്കേ ഉത്തർപ്രദേശിലെ കാൺപൂരിലേക്കു മുങ്ങിയ കൊല്ലം സബ് കളക്ടർ അനുപം മിശ്രയെ സർവീസിൽ നിന്നു സസ്പെൻഡ് ചെയ്തു. ഉന്നത സ്ഥാനത്തിരിക്കുന്ന ഉദ്യോഗസ്ഥൻ ഗുരുതര കുറ്റകൃത്യവും അച്ചടക്ക ലംഘനവും നടത്തിയെന്ന കൊല്ലം ജില്ലാ കളക്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണു നടപടി. സസ്പെൻഡ് ചെയ്തുകൊണ്ടുള്ള ഉത്തരവിൽ മുഖ്യമന്ത്രി ഒപ്പിട്ടു.
കൊറോണ നിരീക്ഷണത്തിലിരുന്ന അനുപം മിശ്രയെ ഒളിച്ചു കടക്കാൻ സഹായിച്ചെന്ന് ആരോപണമുയ൪ന്ന ഡ്രൈവർക്കും ഗൺമാനും മറ്റു ജീവനക്കാർക്കുമെതിരേ വകുപ്പുതല അന്വേഷണം നടത്തും. അഖിലേന്ത്യാ സർവീസ് ചട്ടം ലംഘിച്ച സബ് കളക്ടർ ഗുരുതരമായ കുറ്റകൃത്യമാണു നടത്തിയതെന്ന കൊല്ലം ജില്ലാ കളക്ടറുടെ റിപ്പോർട്ട് സഹിതം വകുപ്പുതല അച്ചടക്ക നടപടി വേണമെന്ന ശിപാർശ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ മുഖ്യമന്ത്രിക്കു സമ൪പ്പിച്ചിരുന്നു.
നിരീക്ഷണ ത്തിയിരിക്കെ ചാടിപ്പോയതുമായി ബന്ധപ്പെട്ട് ഇദ്ദേഹത്തിനെതിരേ കൊല്ലം പോലീസ് കേസെടുത്തിട്ടുണ്ട്. യുപി പോലീസിനു ഇതു സംബന്ധിച്ച വിവരം കൈമാറി.
അഞ്ചു ഗുരുതര കുറ്റവും ചട്ട ലംഘനവുമാണ് സബ് കളക്ടർ നടത്തിയെന്നാണ് കൊല്ലം കളക്ടറുടെ റിപ്പോർട്ടിൽ പറയുന്നത്. കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി നിരീക്ഷണത്തിലിക്കേ മുങ്ങിയതു കൊറോണ വ്യാപനത്തിന് ഇടയാക്കും. ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്. ഉത്തരവാദിത്തപ്പെട്ട ജോലിക്കിടെ ആരേയും അറിയിക്കാതെ മുങ്ങിയത് അഖിലേന്ത്യാ സർവീസ് ചട്ടങ്ങളുടെ ലംഘനമാണ്. ജില്ലാ ഭരണകൂടത്തിന്റെ തലപ്പത്ത് ഇരിക്കുന്ന എഐഎസ് ഉദ്യോഗസ്ഥൻ നിരീക്ഷണത്തിലിക്കേ മുങ്ങിയ നടപടി സമൂഹത്തിൽ അവമതിപ്പിനിടയാക്കും. മുങ്ങിയ ശേഷം ഫോണിൽ ബന്ധപ്പെട്ടപ്പോൾ തെറ്റായ വിവരം നൽകി തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചെന്നും കളക്ടറുടെ റിപ്പോർട്ടിൽ പറയുന്നു.
സിംഗപ്പൂർ, മലേഷ്യ, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിലെ സന്ദർശനത്തിനു ശേഷം കഴിഞ്ഞ 18നാണു അനുപം മിശ്ര കൊല്ലത്തു മടങ്ങിയെത്തിയത്. വിദേശ സന്ദർശനമായതിനാൽ തേവള്ളിയിലെ സർക്കാർ വസതിയിൽ ഹോം ക്വാറന്റൈനിൽ പോകാൻ കളക്ടർ നിർദേശിച്ചു. എന്നാൽ 19ന് ഇദ്ദേഹം തിരുവനന്തപുരം വിമാനത്താവളം വഴി കാൺപൂരിലേക്കു പോയതായാണു റിപ്പോർട്ട്. ഫോണിൽ ബന്ധപ്പെടുമ്പോൾ കൊല്ലത്ത് ഉണ്ടെന്നായിരുന്നു മറുപടി.
26നു രാവിലെ ആരോഗ്യ പ്രവർത്തക൪ വീട്ടിൽ എത്തിയപ്പോഴാണ് മുങ്ങിയ വിവരം സ്ഥിരീകരിച്ചത്. പിന്നീട് വിളിച്ചപ്പോൾ ബംഗളൂരുവിലുണ്ടെന്നു തെറ്റിദ്ധരിപ്പിച്ചു. മൊബൈൽ ഫോൺ ടവ൪ ലൊക്കേഷൻ പരിശോധിച്ചപ്പോൾ കാൺപൂരിലാണെന്നു വ്യക്തമാകുകയായിരുന്നു.
നിരീക്ഷണത്തിലിരിക്കെ മുങ്ങിയ കൊല്ലം സബ്കളക്ട൪ക്കു സസ്പെൻഷൻ
12:52 AM Mar 28, 2020 | Deepika.com