കൊല്ലം: നെടുമൺകാവിനു സമീപം ഇളവൂരിൽ വീട്ടുമുറ്റത്തു കളിച്ചുകൊണ്ടിരുന്ന ആറു വയസുകാരിയെ കാണാതായി. ഇളവൂർ തടത്തിൽമുക്ക് ധനേഷ് ഭവനത്തിൽ പ്രദീപ് കുമാറിന്റെ ആറുവയസുള്ള മകൾ പൊന്നു എന്നു വിളിക്കുന്ന ദേവനന്ദയെയാണ് ഇന്നലെ രാവിലെ പത്തരയോടെ കാണാതായത്. കുടവട്ടൂർ വാക്കനാട് സരസ്വതീ വിദ്യാലയത്തിലെ ഒന്നാംക്ലാസ് വിദ്യാർഥിനിയാണ്.
മാതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ കണ്ണനല്ലൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സൈബർ ടീം അടങ്ങുന്ന അന്‍പതംഗ സംഘമാണ് തെരച്ചിൽ നടത്തുന്നത്. സംസ്ഥാന അതിർത്തികളിൽ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.സംഭവം അറിഞ്ഞയുടൻ പോലീസും നാട്ടുകാരും ഫയർഫോഴ് സും വ്യാപക തെരച്ചിൽ നടത്തിയെങ്കിലും രാത്രി വൈകിയും കണ്ടെത്താനായിട്ടില്ല.
വീടിനു സമീപത്തെ പുഴയിലും തെരച്ചിൽ നടത്തിയിരുന്നു. അമ്മ വീടിന്റെ പുറകുവശത്ത് തുണി അലക്കിയശേഷം തിരികെ വന്നപ്പോഴാണ് മകളെ കാണാനില്ലെന്ന വിവരം അറിയുന്നത്.
വിവരം ലഭിക്കുന്നവർ 0474 2566366. 9497947265, 9497906800 എന്നീ നന്പരുകളിൽ അറിയിക്കണമെന്ന് സിറ്റി പോലീസ് കമ്മീഷണർ അറിയിച്ചു. ബാലാവകാശ കമ്മീഷൻ കേസെടുത്തിട്ടുണ്ട്.
വീട്ടുമുറ്റത്തു കളിച്ചുകൊണ്ടിരുന്ന ആറുവയസുകാരിയെ കാണാതായി
01:29 AM Feb 28, 2020 | Deepika.com