തിരുവനന്തപുരം: 38 ലോക രാജ്യങ്ങളില്‍ കോവിഡ് 19 രോഗം പടര്‍ന്നുപിടിച്ച സാഹചര്യത്തില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 135 പേര് നിരീക്ഷണത്തിലാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. ഇവരില്‍ 128 പേര് വീടുകളിലും ഏഴുപേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. വീട്ടിലെ നിരീക്ഷണത്തില്‍ കഴിയുന്ന 16 വ്യക്തികളെ പരിഷ്കരിച്ച മാര്‍ഗരേഖ പ്രകാരം ഇന്ന് ഒഴിവാക്കിയിട്ടുണ്ട്.
സംശയിക്കപ്പെടുന്നവരുടെ 462 സാമ്പിളുകള്‍ എന്‍ഐവിയില്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ 451 സാമ്പിളുകളുടെ ഫലം നെഗറ്റീവാണ്. നിലവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ആരുടേയും ആരോഗ്യനിലയില്‍ ആശങ്കയ്ക്കുവകയില്ലെന്നും മന്ത്രി പറഞ്ഞു. ഇറ്റലിയിലും ഇറാനിലും പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതും രോഗം വ്യാപിക്കുന്നതും കണക്കിലെടുത്ത് ചൈന, ഹോങ്കോംഗ്, തായ്ലന്ഡ്, സിംഗപ്പൂര്‍, ജപ്പാന്, ദക്ഷിണകൊറിയ, വിയറ്റ്നാം, നേപ്പാള്‍, ഇന്തോനേഷ്യ, മലേഷ്യ എന്നിവയ്ക്ക് പുറമേ ഇറാന്, ഇറ്റലി എന്നിവിടങ്ങളില്‍ നിന്ന് നേരിട്ടുള്ള ഫ്ളൈറ്റുകളിലൂടെ വരുന്ന യാത്രക്കാരെക്കൂടി പരിശോധിക്കാന്‍ തീരുമാനിച്ചു.
ഈ രാജ്യങ്ങളില്‍ നിന്നു വരുന്ന എല്ലാ ആളുകളും നിര്‍ദേശങ്ങള്‍ പാലിക്കണം.
റിപ്പബ്ലിക് ഓഫ് കൊറിയ, ഇറാന്, ഇറ്റലി എന്നിവിടങ്ങളില്‍ നിന്നുവരുന്നവരോ 2020 ഫെബ്രുവരി 10 മുതല്‍ അത്തരം യാത്രാചരിത്രമുള്ളവരോ ഇന്ത്യയിലെത്തുമ്പോള്‍ 14 ദിവസത്തേക്ക് നിരീക്ഷണത്തില്‍ തുടരേണ്ടതാണ്. രോഗ ലക്ഷണമില്ലാത്തവര്‍ 14 ദിവസം വീടുകളില്‍ നിരീക്ഷണത്തില്‍ തുടരണം. രോഗലക്ഷണമുള്ളവര്‍ ജില്ലകളിലെ ഐസെലേഷന്‍ സൗകര്യമുള്ള ആശുപത്രികളുമായി ബന്ധപ്പെടണം.
കൊറോണ വൈറസ്: സംസ്ഥാനത്ത് 135 പേര് നിരീക്ഷണത്തില്‍
01:29 AM Feb 28, 2020 | Deepika.com