വിയ്യൂര്‍(തൃശൂർ): സംസ്ഥാനത്തെ 14 ജില്ലാ കോടതികളിലും ജയില്‍ വിഭവങ്ങളുടെ വില്പനയ്ക്കായി ഫുഡ് കോര്‍ട്ടുകള്‍ ആരംഭിക്കുമെന്നു ജയില്‍ ഡിജിപി ഋഷിരാജ് സിംഗ്. വിയ്യൂര്‍ സബ് ജയിലില്‍ അന്തേവാസികള്‍ നിര്‍മിച്ച പേപ്പര്‍ ബാഗുകളുടെയും തുണിസഞ്ചികളുടെയും വിപണനോദ്ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു ഋഷിരാജ് സിംഗ്. ജയില്‍ വിഭവങ്ങളുടെ വില്പനയ്ക്കായുള്ള ആദ്യ ഫുഡ്കോര്‍ട്ട് നാളെ കൊച്ചി മെട്രോ സ്റ്റേഷനില്‍ ആരംഭിക്കുമെന്നും അദ്ദേഹമറിയിച്ചു.
കേരളത്തിലെ 54 ജയിലുകളിലും പലതരത്തിലുള്ള വ്യവസായങ്ങള്‍ നടത്തിവരുന്നുണ്ടെന്നും ഇക്കാര്യത്തിലും ജയില്‍ വരുമാനത്തിന്റെ കാര്യത്തിലും കേരളം ഒന്നാം സ്ഥാനത്താണെന്നും ജയില്‍ ഡിജിപി പറഞ്ഞു. ജയിലില്‍ശിക്ഷ അനുഭവിക്കുന്നവരുടെ മനഃപരിവര്‍ത്തനം ലക്ഷ്യമാക്കിയുള്ള പദ്ധതികള്‍ നടപ്പാക്കുകവഴി അവര്‍ക്കു പൊതുസമൂഹത്തില്‍ മാന്യമായി തൊഴില്‍ ചെയ്തു ജീവിക്കാനുള്ള സാഹചര്യവും വരുമാനവും സാധ്യമാക്കാനായി. ജയിലില്‍ കഴിയുന്ന ആളുടെ ഈ മാസത്തെ ശമ്പളം കിട്ടിയില്ലെന്നു പറഞ്ഞാണ് പല വീട്ടുകാരും തന്നെ ഇപ്പോള്‍ വിളിക്കുന്നതെന്നും ഋഷിരാജ് സിംഗ് പറഞ്ഞു.
ജില്ലാ കോടതികളിലും ജയില്‍ വിഭവങ്ങളുടെ ഫുഡ് കോർട്ട് വരും
12:26 AM Feb 28, 2020 | Deepika.com