തിരുവനന്തപുരം: മുന്നാക്കവിഭാഗങ്ങളിലെ സാന്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് സംവരണം ഏർപ്പെടുത്തിയ സംസ്ഥാന സർക്കാർ തീരുമാനം യാഥാർഥ്യമാക്കിക്കൊണ്ടു തിരുവിതാംകൂർ ദേവസ്വം ബോർഡിലെ ക്ലാർക്ക്/ സബ് ഗ്രൂപ്പ് ഓഫീസർ തസ്തികയിൽ നിയമന ശിപാർശ നൽകി.
ആറ് ഉദ്യോഗാർഥികളെയാണ് സാന്പത്തിക സംവരണത്തിന്റെ ആനുകൂല്യം നൽകി നിയമിക്കുന്നതിന് ദേവസ്വം റിക്രൂട്ട്മെൻറ് ബോർഡ് ശിപാർശ നൽകിയതെന്ന് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രൻ പത്രസമ്മേളനത്തിൽ അറിയിച്ചു.
സാന്പത്തിക സംവരണം വഴി സംസ്ഥാനത്ത് ആദ്യമായി തൊഴിൽ ലഭിച്ച ഈ ആറു പേർ വെള്ളിയാഴ്ച തിരുവിതാംകൂർ ദേവസ്വം ബോർഡിൽ ജോലിയിൽ പ്രവേശിക്കും. ക്ലാർക്ക്/സബ് ഗ്രൂപ്പ് ഓഫീസർ തസ്തികയിൽ പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയിൽ മെയിൻ ലിസ്റ്റിൽ 169 പേരാണുള്ളത്. പട്ടികയിൽ 38 പേർ മുന്നാക്ക വിഭാഗത്തിലെ സാന്പത്തികമായി പിന്നാക്കം നിൽക്കുന്നവരും സംവരണത്തിന് അർഹതയുള്ളവരുമാണ്. സപ്ലിമെൻററി ലിസ്റ്റിൽ 17 പേർ സാന്പത്തിക സംവരണത്തിന് അർഹതയുള്ളവരാണ്.
നിലവിലുള്ള 64 ഒഴിവുകളിലേക്ക് സംവരണ വ്യവസ്ഥ പ്രകാരം 12 ഈഴവ സമുദായക്കാരെയും ആറു പട്ടികജാതിക്കാരെയും ഒരു പട്ടികവർഗക്കാരനെയും ഒരു വിശ്വകർമജനെയും ഒരു ധീവര സമുദായംഗത്തെയും നിയമന ശിപാർശ ചെയ്തിട്ടുണ്ട്. കൂട്ടത്തിൽ ഭിന്നശേഷിക്കാരായ രണ്ടു പേർക്കും ഒരു വിമുക്തഭടനും സംവരണം നൽകിയിട്ടുണ്ട്. ദേവസ്വം ബോർഡുകളിൽ സാന്പത്തിക സംവരണം ഉൾപ്പെടെ വിവിധ സംവരണങ്ങൾ പുതുതായി നിർദേശിച്ച് റിക്രൂട്ട്മന്റ് ബോർഡ് ചെയർമാൻ നൽകിയ ശിപാർശ 2017 നവംബർ 15 ലെ മന്ത്രിസഭായോഗം അംഗീകരിച്ചിരുന്നു. തുടർന്നാണ് ദേവസ്വം ബോർഡുകളിൽ മുന്നാക്കസമുദായങ്ങളിൽ സാന്പത്തികമായി പിന്നാക്കമുള്ളവർക്ക് ബോർഡ് ഉദ്യോഗങ്ങളിൽ 10 ശതമാനം സംവരണം നൽകാൻ മന്ത്രിസഭ അനുമതി നൽകിയത്.
വീണ്ടും ഒരു വർഷം കഴിഞ്ഞാണ് കേന്ദ്രസർക്കാർ ഇക്കാര്യത്തിൽ ഭരണഘടനാ ഭേദഗതി കൊണ്ടുവന്നത്. തുടർന്ന് സാന്പത്തിക സംരവണം നടപ്പാക്കാൻ ഉത്തരവായശേഷം മാനദണ്ഡങ്ങൾ രൂപീകരിച്ച് 2019 നവംബർ 18 നാണ് വിജ്ഞാപനമായത്. ഇതുപ്രകാരം രേഖകൾ പരിശോധിച്ചാണ് തസ്തികയിലേക്ക് ദേവസ്വം റിക്രൂട്ട്മെൻറ് ബോർഡ് റാങ്ക് പട്ടിക തയാറാക്കിയത്.
അപേക്ഷകൻ പ്രതിവർഷം മൂന്നു ലക്ഷത്തിലധികം രൂപ വരുമാനമുള്ള കുടുംബത്തിൽപ്പെട്ട ആളാകരുത് എന്നതാണ് സാമ്പത്തികസംവരണത്തിനുള്ള പ്രധാന മാനദണ്ഡം. അപേക്ഷകന്റെ കുടുംബത്തിന് ഒരേക്കറിലധികം ഭൂമിയുണ്ടാകരുത്. അപേക്ഷകന്റെ കുടുംബാംഗങ്ങൾ ആരും ആദായനികുതി അടയ്ക്കുന്നവരാകരുത്. കുടുംബത്തിലുള്ളവർ സർക്കാർ/ അർധസർക്കാർ/ സഹകരണ/ സർക്കാർ സാന്പത്തികസഹായം ലഭിക്കുന്ന സ്ഥാപനങ്ങളിൽ ജോലിയുള്ളവരാകരുത് എന്നിവയാണു മറ്റു മാനദണ്ഡങ്ങൾ.
സാന്പത്തിക സംവരണം: ദേവസ്വം ബോർഡ് ക്ലാർക്ക് റാങ്ക് പട്ടികയിൽ നിന്ന് ആറു പേർക്കു നിയമന ശിപാർശ നൽകി
12:07 AM Feb 27, 2020 | Deepika.com