തിരുവനന്തപുരം: ഡ്രൈ ഡേ തുടരുമെന്നു വ്യക്തമാക്കി 2020-21 ലെ മദ്യനയത്തിനു മന്ത്രിസഭയുടെ അംഗീകാരം. ബിയർ പബുകൾ, മൈക്രോ ഡിസ്റ്റിലറികൾ എന്നിവ ആരംഭിക്കാൻ അനുമതി നൽകുമെന്ന അഭ്യൂഹങ്ങളുയർന്നിരുന്നെങ്കിലും ഇന്നലെ മന്ത്രിസഭ അംഗീകരിച്ച മദ്യ നയത്തിൽ ഇതേക്കുറിച്ചൊന്നും വ്യക്തമാക്കിയിട്ടില്ല.
2020- 21 വർഷത്തെ മദ്യനയത്തിന് അംഗീകാരം നൽകിയപ്പോൾ ബിയർ പബുകളും മറ്റും ഒഴിവാക്കിയിട്ടുണ്ടെങ്കിലും മദ്യനയത്തിൽ ഇനിയും മാറ്റം വരുത്താൻ ആവശ്യമെങ്കിൽ മന്ത്രിസഭയ്ക്കു കഴിയും. രാത്രികാലത്തും ഉണർന്നിരിക്കുന്ന നഗരങ്ങൾ കേരളത്തിൽ വരുന്നതോടെ ബിയർ പബുകളും മൈക്രോ ഡിസ്റ്റിലറികളും പ്രഖ്യാപിച്ചു വേണമെങ്കിൽ സർക്കാരിനു മദ്യനയത്തിൽ മാറ്റം വരുത്താമെന്നും അധികൃതർ പറയുന്നു. രാത്രിയിലും ഉണർന്നിരിക്കുന്ന ആദ്യ നഗരമാക്കാൻ തിരുവനന്തപുരത്തെയാണു തെരഞ്ഞെടുത്തിട്ടുള്ളത്.
ഡ്രൈ ഡേ ഒഴിവാക്കി ഒന്നാംതീയതി മദ്യശാലകൾ തുറക്കാൻ അനുമതി നൽകുന്ന തരത്തിൽ മദ്യനയത്തിൽ വലിയ മാറ്റം വരുത്തുമെന്നു വ്യാപക പ്രചാരണമുയർന്നിരുന്നു. ഇതിനെതിരേ മദ്യവിരുദ്ധ സംഘടനകളും വിവിധ സമുദായ സംഘടനകളും രംഗത്ത് എത്തിയിരുന്നു. എന്നാൽ, ഈ വർഷം തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പും അടുത്ത മാർച്ചിൽ നിയമസഭാ തെരഞ്ഞെടുപ്പും വരുന്ന സാഹചര്യത്തിൽ ഇത് ഒഴിവാക്കുകയായിരുന്നുവെന്നാണു വിവരം.
മദ്യഷാപ്പുകളുടെയും ബാറുകളുടെയും ലൈസൻസ് ഫീസ് നിരക്ക് ഉയർത്താനും തീരുമാനിച്ചിട്ടുണ്ട്. കള്ളുഷാപ്പുകളുടെ വിൽപനയുമായി ബന്ധപ്പെട്ടാണു കാര്യമായ മാറ്റമുള്ളത്. കള്ളുഷാപ്പുകൾ ഗ്രൂപ്പ് അടിസ്ഥാനത്തിൽ വിൽപന നടത്താനും മദ്യനയത്തിൽ പറയുന്നു. എൽഡിഎഫ് സർക്കാർ അധികാരത്തിലെത്തിയ ശേഷം മദ്യനയത്തിൽ മാറ്റം വരുത്തിയിരുന്നു. പഞ്ചനക്ഷത്ര ഹോട്ടലുകൾക്കു മാത്രമായിരുന്ന ബാർ ലൈസൻസുകൾ ത്രീസ്റ്റാറോ അതിനു മുകളിലോ പദവിയുള്ള എല്ലാ ഹോട്ടലുകൾക്കും നൽകാൻ തീരുമാനിച്ചു. ഇതോടെ ബാറുകളുടെ എണ്ണം 28 ൽ നിന്ന് 572 ആയി ഉയർന്നു.
സംസ്ഥാനത്ത് ഉത്പാദിപ്പിച്ചു മറ്റു സംസ്ഥാനങ്ങളിലും രാജ്യങ്ങളിലും കയറ്റി അയയ്ക്കുന്ന കുപ്പികളിൽ പതിക്കുന്ന ലേബലുകളിൽ ഉത്പാദകരോ കയറ്റുമതിക്കാരോ ആവശ്യപ്പെടുന്ന തരത്തിൽ ലേബലുകളിൽ മാറ്റം വരുത്താൻ എക്സൈസ് കമ്മീഷണറെ ചുമതലപ്പെടുത്തി നിയമം പരിഷ്കരിക്കും. കയറ്റുമതിക്കാർക്കും ഉത്പാദകർക്കും ഉണ്ടാകുന്ന അസൗകര്യം ഒഴിവാക്കാനാണിത്. ലേബൽ അംഗീകരിക്കുന്നതിനുള്ള ഫീസ് അര ലക്ഷമാക്കി ഉയർത്തി. നിലവിൽ 25,000 രൂപയായിരുന്നു. എന്നാൽ, പ്ലാസ്റ്റിക് നിരോധനത്തിന്റെ ഭാഗമായി ഗ്ലാസ് കുപ്പികളുടെ ഉപയോഗത്തിനു പ്രോത്സാഹനം നൽകാൻ ഗ്ലാസ് കുപ്പികളിലെ ലേബലുകളെ വർധനയിൽ നിന്ന് ഒഴിവാക്കി.
ഡ്രൈ ഡേ തുടരും, പബ് ലൈസൻസ് മദ്യനയത്തിൽ ഇല്ല
01:07 AM Feb 26, 2020 | Deepika.com