കൊച്ചി: അനധികൃത ബോര്‍ഡുകള്‍ക്കെതിരേ നടപടി വേണമെന്ന ഡിജിപിയുടെ സര്‍ക്കുലര്‍ പാലിക്കാന്‍ ചുമതലയുള്ള കീഴുദ്യോഗസ്ഥര്‍ തന്നെ ഇതു ലംഘിക്കുകയാണെന്ന് ഹൈക്കോടതി കുറ്റപ്പെടുത്തി. കേരള പോലീസ് ഹൗസിംഗ് സഹകരണ സംഘം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് റോഡില്‍ ബാനറുകള്‍ സ്ഥാപിച്ച സംഭവം ചൂണ്ടിക്കാട്ടിയാണ് സിംഗിള്‍ ബെഞ്ചിന്റെ വിമര്‍ശനം.
പരിസ്ഥിതി സൗഹൃദ ഉത്പന്നമായ വസ്ത്രത്തിലാണ് ബാനറുകള്‍ തയാറാക്കിയതെന്നും സഹകരണ സംഘത്തിന്റെ വളപ്പിലാണ് ഇവ സ്ഥാപിച്ചതെന്നുമായിരുന്നു വിശദീകരണം. എന്നാല്‍ ഇതു കളവാണെന്നും ബാനറുകള്‍ സ്ഥാപിച്ചത് പുറത്താണെന്നും കോടതി ചൂണ്ടിക്കാട്ടി. ഡിജിപിയുടെ ഉത്തരവ് പോലീസുകാര്‍ തന്നെ ലംഘിക്കുന്നത് ദുരന്തമാണെന്നും കോടതി അഭിപ്രായപ്പെട്ടു. അനധികൃത ബോര്‍ഡുകള്‍ നിയന്ത്രിക്കുന്നതിനായി ഹൈക്കോടതി സ്വമേധയാ പരിഗണിക്കുന്ന ഹര്‍ജിയാണ് സിംഗിള്‍ ബെഞ്ചിലുള്ളത്. പൊതുസ്ഥലങ്ങള്‍ കൈയേറി അനധികൃത ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിനെതിരെ ഭൂ സംരക്ഷണ നിയമപ്രകാരം പിഴ ഈടാക്കുന്നതടക്കം എന്തെല്ലാം നടപടികള്‍ സ്വീകരിച്ചെന്ന് ഹൈക്കോടതി പിന്നീട് സര്‍ക്കാരിനോട് ആരാഞ്ഞു.
ഇത്തരം സംഭവങ്ങളില്‍ ഭൂ സംരക്ഷണ നിയമം ബാധകമാക്കാന്‍ കഴിയില്ലെന്നും ദേശീയ - സംസ്ഥാന പാതകളല്ലാത്ത മേഖലകളെല്ലാം തദ്ദേശഭരണ സ്ഥാപനങ്ങളുടെ പരിധിയില്‍ വരുന്നവയാണെന്നും സര്‍ക്കാരിന് ഇതിലിടപെടാന്‍ കഴിയില്ലെന്നും സ്റ്റേറ്റ് അറ്റോര്‍ണി ചൂണ്ടിക്കാട്ടി.
അനധികൃത ബോര്‍ഡുകള്‍ നിയന്ത്രിക്കുന്ന കാര്യത്തില്‍ വ്യക്തമായ നയമുണ്ടാക്കുമെന്നും ഇതിന്റെ ഭാഗമായി മാര്‍ഗരേഖകള്‍ ഉണ്ടാക്കുമെന്നും സ്റ്റേറ്റ് അറ്റോര്‍ണി വിശദീകരിച്ചു. ഇന്നു ഹര്‍ജി വീണ്ടും പരിഗണിക്കും.
ഡിജിപിയുടെ സര്‍ക്കുലര്‍ കീഴുദ്യോഗസ്ഥര്‍ തന്നെ ലംഘിക്കുന്നു: ഹൈക്കോടതി
12:32 AM Feb 26, 2020 | Deepika.com