കോട്ടയം: സംസ്ഥാനത്ത് ഏർപ്പെടുത്തിയിട്ടുള്ള ട്രഷറി നിയന്ത്രണം അടിയന്തരമായി പിൻവലിക്കണമെന്ന് കോണ്ഗ്രസ് പാർലമെന്ററി പാർട്ടി ഉപനേതാവ് കെ.സി. ജോസഫ് എംഎൽഎ ആവശ്യപ്പെട്ടു.
ത്രിതല പഞ്ചായത്തുകളുടെ പദ്ധതി പ്രവർത്തനങ്ങൾക്ക് ഉൾപ്പെടെ നിലവിലുള്ള ട്രഷറി നിയന്ത്രണങ്ങൾക്കു പുറമേ പാവപ്പെട്ട മത്സ്യത്തൊഴിലാളികളുടെ മണ്ണെണ്ണ സബ്സിഡിക്കും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലെ ധനസഹായത്തിനുപോലും നിയന്ത്രണം ഏർപ്പെടുത്താനുള്ള തീരുമാനം അതിരൂക്ഷമായ സാന്പത്തിക പ്രതിസന്ധിയിലാണ് കേരളമെന്നതിന്റെ തെളിവാണ്. ട്രഷറി ഏതാണ്ട് കാലിയാണ്. ധനകാര്യ മാനേജ്മെന്റിന്റെ പിടിപ്പുകേടിന്റെയും കെടുകാര്യസ്ഥതയുടെയും ഫലമായിട്ടാണ് ഈ സാന്പത്തിക പ്രതിസന്ധി ഉണ്ടായതെന്നും ഇതിന്റെ ഉത്തരവാദിത്വത്തിൽനിന്നു ധനമന്ത്രിക്കു ഒഴിഞ്ഞുമാറാനാവില്ലെന്നും കെ.സി. ജോസഫ് കുറ്റപ്പെടുത്തി.
സാന്പത്തിക വർഷം അവസാനിക്കാൻ ഒരു മാസം മാത്രം അവശേഷിക്കുന്പോൾ ത്രിതല പഞ്ചായത്തുകളുടെ പദ്ധതി ചെലവ് നാൽപ്പത്തിനാലു ശതമാനത്തിൽ താഴെയാണ്. സംസ്ഥാനത്തിന്റെ ചരിത്രത്തിൽ മുൻപൊരിക്കലും ഇത്രയും കുറഞ്ഞ പദ്ധതി ചെലവ് ഉണ്ടായിട്ടില്ല. ത്രിതല പഞ്ചായത്തുകൾക്ക് ഈ സാന്പത്തിക വർഷം നീക്കിവച്ചത് ഏഴായിരത്തിഅഞ്ഞൂറ് കോടി രൂപയാണ്. ഇതിൽ ഫെബ്രുവരി പതിനഞ്ച് വരെ ചെലവായ 3,178 കോടി രൂപയിൽ 1,290 കോടി രൂപയുടെ ബില്ലും മാറാൻ കഴിയാതെ ട്രഷറിയിൽ ക്യൂ നിൽക്കുകയാണ്. ഇതുമൂലം ത്രിതല പഞ്ചായത്തുകളുടെയും നഗരസഭകളുടെയും പ്രവർത്തനം പൂർണമായും സ്തംഭിച്ചിരിക്കുകയാണെന്നും കെ.സി. ജോസഫ് പറഞ്ഞു.
ട്രഷറി നിയന്ത്രണം പിൻവലിക്കണമെന്ന് കെ.സി. ജോസഫ് എംഎൽഎ
12:30 AM Feb 26, 2020 | Deepika.com