പാനൂർ(കണ്ണൂർ): സ്കൂൾ വിദ്യാർഥികളുമായി പോയ ഓട്ടോറിക്ഷ നിയന്ത്രണംവിട്ട് മതിലിലിടിച്ചു മറിഞ്ഞ് ഒമ്പത് വിദ്യാർഥികളുൾപ്പെടെ 12 പേർക്ക് പരിക്കേറ്റു. വിദ്യാർഥികളിൽ രണ്ടുപേരുടെ നില ഗുരുതരം.
ചൊക്ലി നെടുമ്പ്രത്തെ രാമകൃഷ്ണ എൽപി സ്കൂൾ വിദ്യാർഥികളുമായി പോകുകയായിരുന്ന ഓട്ടോറിക്ഷയാണ് ഇന്നലെ രാവിലെ ഒമ്പതരയോടെ മേക്കുന്ന് തേങ്ങാക്കൂടക്കടുത്ത് അപകടത്തിൽപ്പെട്ടത്.
ഗുരുതരമായി പരിക്കേറ്റ വിദ്യാർഥികളായ നവതേജ് (ആറ്), മുഹമ്മദ് (നാല്) എന്നിവരെ കണ്ണൂർ ചാല മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഷാരോൺ (ആറ്), ശ്രീരാഗ് (10), നിഹാൽ (ഒൻപത്), അൻസിക (നാല്), ശ്രീമനിക (ആറ്), ശ്രീനന്ദ (ഏഴ്), അഭിരാഗ് (എട്ട്), ഓട്ടോ ഡ്രൈവർ പാനൂർ കൈവേലിക്കൽ സ്വദേശി രഞ്ജിത് (38), അധ്യാപികമാരായ അഖില (46), രവീണ (22) എന്നിവർക്കും പരിക്കേറ്റു. ഇവരെ തലശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വിവരമറിഞ്ഞ് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ടി.പി. നിർമലാദേവി, ഉപജില്ലാ ഓഫീസർമാരായ ഏബ്രഹാം ജോസഫ്, സി.കെ. സുനിൽകുമാർ, കെപിഎസ്ടിഎ സംസ്ഥാന സെക്രട്ടറി കെ. രമേശൻ എന്നിവർ ആശുപത്രിയിലെത്തിയിരുന്നു.
ഓട്ടോറിക്ഷ മറിഞ്ഞ് 12 പേർക്കു പരിക്ക്
12:30 AM Feb 26, 2020 | Deepika.com