സ്കൂൾ ബസിനടിയിൽപ്പെട്ടു എൽകെജി വിദ്യാർഥി മരിച്ചു
12:30 AM Feb 26, 2020 | Deepika.com
പേരാവൂർ: സ്കൂൾബസിൽനിന്നിറങ്ങിയ എൽകെജി വിദ്യാർഥിക്ക് അതേ ബസിനടിയിൽപ്പെട്ട് ദാരുണാന്ത്യം. പേരാവൂർ ശാന്തിനികേതൻ ഇംഗ്ലീഷ് സ്കൂൾ വിദ്യാർഥിയും പുതുശേരിയിലെ പുത്തൻപുരയിൽ ഫൈസൽ-റസീന ദമ്പതികളുടെ മകനുമായ മുഹമ്മദ് റഫാൻ (അഞ്ച്) ആണ് മരിച്ചത്. കാഞ്ഞിരപ്പുഴ-പുതുശേരി റോഡിൽ ഇന്നലെ വൈകുന്നേരം 4.15നായിരുന്നു അപകടം. സഹോദരൻ സൽമാനൊപ്പം ബസിൽനിന്നിറങ്ങി എതിർവശത്തെ വീട്ടിലേക്ക് നടക്കുന്നതിനിടെ ബസിടിക്കുകയായിരുന്നു. റോഡിൽ വീണ റഫാന്റെ ശരീരത്തിലൂടെ ബസിന്റെ ടയർ കയറിയിറങ്ങി. കബറടക്കം ഇന്ന്. പേരാവൂർ പോലീസ് ബസ് കസ്റ്റഡിയിലെടുത്തു. സഹോദരങ്ങൾ: ഫർസ. ഫാത്തിമ.