ശ്രീകണ്ഠപുരം: പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർഥിയെ ഒഴുക്കിൽപ്പെട്ട് കാണാതായി. പരിപ്പായിയിൽ വാടകവീട്ടിൽ താമസിക്കുന്ന സന്തോഷ്-കവിത ദമ്പതികളുടെ മകൻ സന്ദീപ് സേവ്യറിനെ(17)യാണ് കാണാതായത്. ഇന്നലെ രാവിലെ 11.30നായിരുന്നു സംഭവം. ശ്രീകണ്ഠപുരം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് ടു വിദ്യാർഥിയായ സന്ദീപിന് സ്കൂളിൽ പ്രാക്ടിക്കൽ പരീക്ഷ നടക്കുന്നതിനാൽ ക്ലാസുണ്ടായിരുന്നില്ല. അതിനാൽ, സഹോദരൻ സായൂജ് സേവ്യറിനും കൂട്ടുകാർക്കുമൊപ്പം വീടിന് സമീപത്തെ പരിപ്പായി പുഴയിൽ കുളിക്കാനിറങ്ങിയതായിരുന്നു.
കുളിക്കുന്നതിനിടെ മറുകരയായ അഡൂർ ഭാഗത്ത് പുഴയിലേക്ക് തെങ്ങ് വീണുകിടക്കുന്നതു കണ്ട് അവിടേക്ക് നീന്തുന്നതിനിടെ ഒഴുക്കിൽപ്പെടുകയായിരുന്നുവെന്ന് പറയുന്നു. സഹോദരനും കൂട്ടുകാരും മറുകരയിലെത്തി സമീപവാസികളെ അറിയിച്ചതിനെത്തുടർന്ന് സ്ഥലത്തെത്തിയ പോലീസും അഗ്നിരക്ഷാസേനയും വൈകുന്നേരം ഏഴുവരെ തെരഞ്ഞെങ്കിലും സന്ദീപിനെ കണ്ടെത്താൻ കഴിഞ്ഞില്ല. തെരച്ചിൽ ഇന്നും തുടരും.
ഒഴുക്കിൽപ്പെട്ടു കാണാതായി
12:30 AM Feb 26, 2020 | Deepika.com