അങ്കമാലി: കാന്‍സര്‍ ചികിത്സാരംഗത്തു കാരുണ്യപൂര്‍ണമായ ഇടപെടലുകളിലൂടെ ശ്രദ്ധേയനായ ഡോ. പോള്‍ ജെ. മാമ്പിള്ളി (87) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഇദ്ദേഹം ഞായറാഴ്ച രാത്രിയാണ് അന്തരിച്ചത്. സംസ്കാരം നാളെ വൈകുന്നേരം നാലിനു ഞാറയ്ക്കല്‍ സെന്റ് മേരീസ് പള്ളിയില്‍.
മണിപ്പാല്‍ മെഡിക്കല്‍ കോളജിലും ജര്‍മന്‍ യൂണിവേഴ്സിറ്റിയിലും മെഡിക്കല്‍ വിദ്യാഭ്യാസം നടത്തിയ ഡോ. മാമ്പിള്ളി തിരുവനന്തപുരം മെഡിക്കല്‍ കോളജിലും തുടര്‍ന്ന് എറണാകുളം ജനറല്‍ ആശുപത്രി കാന്‍സര്‍ വിഭാഗത്തിലും സേവനം ചെയ്തു. ജോലി രാജിവച്ച് 1973ല്‍ അങ്കമാലി കറുകുറ്റിയില്‍ കാന്‍സര്‍ രോഗികള്‍ക്കായി സൗജന്യ ചികിത്സാ കേന്ദ്രം ആരംഭിച്ചു. ഇതു പിന്നീടു മാതാപിതാക്കളുടെ പേരിലുള്ള ഔസേഫ്-മറിയം കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടായി. ഇവിടെയും സൗജന്യമായാണു ചികിത്സ നല്കിവന്നത്.
47 വര്‍ഷക്കാലം കറുകുറ്റി കേന്ദ്രീകരിച്ചായിരുന്നു പ്രവര്‍ത്തനങ്ങള്‍. ദീര്‍ഘകാലം കറുകുറ്റി സിഎംഐ ആശ്രമത്തിലായിരുന്നു താമസം. അങ്കമാലി ലിറ്റില്‍ ഫ്ളവര്‍ ആശുപത്രിയിലും സേവനം ചെയ്തിട്ടുണ്ട്. ലളിത ജീവിതശൈലിയും ഡോ. മാമ്പിള്ളിയുടെ സവിശേഷതയായിരുന്നു. വിവിധ രാജ്യങ്ങളില്‍ വിസിറ്റിംഗ് പ്രഫസറായും സേവനം ചെയ്തു. ഞാറയ്ക്കല്‍ മാമ്പിള്ളി പരേതരായ ഔസേഫും മറിയവുമാണു മാതാപിതാക്കള്‍. അവിവാഹിതനാണ്. സഹോദരങ്ങള്‍: പരേതരായ ജേക്കബ്, താണ്ടമ്മ, ഏല്യാക്കുട്ടി, കൊച്ചന്തോണി, ത്രേസ്യാമ്മ, വര്‍ഗീസ്.
അങ്കമാലി എല്‍എഫ് ആശുപത്രിയില്‍ സൂക്ഷിച്ചിട്ടുള്ള മൃതദേഹം നാളെ രാവിലെ ഏഴു മുതല്‍ എട്ടു വരെ അവിടെ പൊതുദര്‍ശനത്തിനു വയ്ക്കും. 8.30 മുതല്‍ പത്തു വരെ കറുകുറ്റി ക്രിസ്തുരാജ ആശ്രമത്തിലും 1.30 വരെ ഡോ. പോളിന്റെ ആശുപത്രിയിലും വൈകുന്നേരം നാലു മുതല്‍ 4.30 വരെ ഞാറയ്ക്കല്‍ സെന്റ് മേരീസ് ദേവാലയത്തിലും പൊതുദര്‍ശനത്തിനു വയ്ക്കും.
ഡോ. പോള്‍ ജെ. മാമ്പിള്ളി അന്തരിച്ചു
01:18 AM Feb 25, 2020 | Deepika.com