കോതമംഗലം: നേര്യമംഗലത്തിനു സമീപം വഞ്ചി മറിഞ്ഞ് കോതമംഗലം രൂപതാംഗമായ യുവ വൈദികൻ മരിച്ചു. ട്രിച്ചി സെന്റ് ജോസഫ് കോളജ് എംഫിൽ വിദ്യാർഥി മൂവാറ്റുപുഴ രണ്ടാർ പടിഞ്ഞാട്ടുവയലിൽ ഫാ.ജോൺ (33) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം 6.30ഓടെ ആവോലിച്ചാലിനു സമീപം പെരിയാറിലാണ്് അപകടം. ആവോലിച്ചാൽ കടവിൽനിന്ന് അൽപ്പദൂരം നീങ്ങിയപ്പോഴേക്കുമാണ് തടികൊണ്ടുള്ള വഞ്ചി ഉലഞ്ഞു മറിഞ്ഞത്. ഒപ്പമുണ്ടായിരുന്ന മറ്റു രണ്ടു വൈദികർ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും വിഫലമായി.
പുഴയിൽ സമീപത്തുണ്ടായിരുന്ന മറ്റൊരു വഞ്ചി ഉടൻ തുഴഞ്ഞെത്തി അപകടത്തിൽപ്പെട്ട മൂവരെയും കരയ്ക്കെത്തിച്ചെങ്കിലും ഫാ. ജോണിന്റെ ജീവൻ രക്ഷിക്കാനായില്ല.
ഒപ്പമുണ്ടായിരുന്ന ഇഞ്ചത്തൊട്ടി പള്ളി വികാരി ഫാ.ജയിംസ് ചൂരത്തൊട്ടി, മലയിഞ്ചി സെന്റ് തോമസ് പള്ളിവികാരി ഫാ. ആന്റണി മാളിയേക്കൽ എന്നിവരെ ധർമഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൃതദേഹം കോതമംഗലം ധർമഗിരി ആശുപത്രി മോർച്ചറിയിൽ. സംസ്കാരം പിന്നീട്.
മൂവാറ്റുപുഴ രണ്ടാർ പടിഞ്ഞാറ്റുവയലിൽ പരേതനായ റിട്ട. പോലീസ് ഓഫീസർ ജേക്കബ് - റിട്ട. അധ്യാപിക റോസിലി ദമ്പതികളുടെ മകനാണ്. ഏക സഹോദരൻ: സോബിൻ. സോബിന്റെ ഭാര്യ: ആർച്ച.
വഞ്ചി മറിഞ്ഞ് യുവവൈദികൻ മരിച്ചു
03:27 AM Feb 24, 2020 | Deepika.com