തിരുവനന്തപുരം: സംസ്ഥാനത്ത് ആലപ്പുഴ, കോട്ടയം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ പകൽ താപനിലയിൽ ഇന്ന് മൂന്നു ഡിഗ്രി സെൽഷ്യസ് വരെ വർധനവുയുണ്ടാകാൻ സാധ്യയുള്ളതായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പു നൽകി. മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റി ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു.
സൂര്യാതപം, സൂര്യാഘാതം തുടങ്ങിയ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളെ പ്രതിരോധിക്കുന്നതിന് എല്ലാവരും ജാഗ്രത പാലിക്കണം. രാവിലെ 11 മുതൽ ഉച്ചയ്ക്ക് മൂന്നുവരെ ശരീരത്തിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണം. ധാരാളമായി വെള്ളം കുടിക്കുകയും വെള്ളം കൈയിൽ കരുതുകയും വേണം.
നിർമാണ തൊഴിലാളിൽ, വഴിയോര കച്ചവടക്കാർ, ട്രാഫിക് പോലീസുകാർ, ഇരുചക്രവാഹന യാത്രക്കാർ തുടങ്ങിയവർ ആവശ്യമായ വിശ്രമം എടുക്കാനും ധാരാളമായി വെള്ളം കുടിക്കാനും ശ്രദ്ധിക്കണം.
വിദ്യാർഥികളുടെ പരീക്ഷാക്കാലമായതിനാൽ സ്കൂൾ അധികൃതരും രക്ഷിതാക്കളും പ്രത്യേക ജാഗ്രത പുലർത്തണം. ക്ലാസ് മുറികളിൽ വായുസഞ്ചാരും ഉറപ്പാക്കാനും കുട്ടികൾക്ക് സ്കൂളിലും പരീക്ഷ ഹാളിലും ശുദ്ധജല ലഭ്യത ഉറപ്പുവരുത്താനും ശ്രദ്ധിക്കണമെന്നും അധികൃർ അറിയിച്ചു.
സംസ്ഥാനത്ത് ഇന്നു താപനില ഉയരും; നാലു ജില്ലകളിൽ ജാഗ്രതാ മുന്നറിയിപ്പ്
03:27 AM Feb 24, 2020 | Deepika.com