തിരുവനന്തപുരം: രാഷ്ട്രീയകാര്യ സമിതി ഒഴിവാക്കണമെന്ന ആവശ്യവുമായി ഹൈക്കമാൻഡിനെ സമീപിച്ച കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ നടപടിക്കെതിരേ എ, ഐ ഗ്രൂപ്പുകൾ രംഗത്ത്. അടുത്ത എട്ടിനു വിളിച്ചുചേർത്തിരുന്ന രാഷ്ട്രീയകാര്യ സമിതി യോഗം ഏകപക്ഷീയമായി റദ്ദാക്കിയ കെപിസിസി പ്രസിഡന്റിന്റെ നടപടിക്കെതിരേയാണ് ഇരു ഗ്രൂപ്പുകളും രംഗത്തെത്തിയത്.
മുല്ലപ്പള്ളിയുടെ ഏകപക്ഷീയ നടപടിക്കെതിരേ കോണ്‍ഗ്രസിലെ ഇരുഗ്രൂപ്പുകളും ഹൈക്കമാൻഡിനെ പരാതി അറിയിച്ചതായാണു വിവരം. വിമർശനങ്ങളെ മുല്ലപ്പള്ളി എന്തിനാണു ഭയക്കുന്നതെന്നും ഗ്രൂപ്പു നേതാക്കൾ ചോദിക്കുന്നു.
ക്രിയാത്മകമായി പ്രവർത്തിക്കാതെ വിമർശനം മാത്രം നടത്തുന്ന കെപിസിസി രാഷ്ട്രീയകാര്യ സമിതി എന്തിനാണെന്നും കെപിസിസി നിർവാഹക സമിതി നിലവിൽ വന്ന സാഹചര്യത്തിൽ ഇത് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടു കഴിഞ്ഞ ദിവസം മുല്ലപ്പള്ളി രാമചന്ദ്രൻ ഹൈക്കമാൻഡിനെ സമീപിച്ചിരുന്നു. ഹൈക്കമാൻഡ് നിർദേശം ലഭിച്ച ശേഷം മാത്രമേ ഇനി രാഷ്ട്രീയകാര്യ സമിതി വിളിച്ചു ചേർക്കുകയുള്ളുവെന്നും അദ്ദേഹം വ്യക്തമാക്കി. തുടർന്ന് അടുത്ത രണ്ടിനു വിളിച്ചുചേർത്തിരുന്ന കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗം ഉപേക്ഷിക്കുകയും ചെയ്തു. ഇതാണു കോണ്‍ഗ്രസിലെ പ്രബല ശക്തികളായ ഗ്രൂപ്പുകളെ പ്രകോപിച്ചത്.
കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗം റദ്ദാക്കിയ മുല്ലപ്പള്ളിയുടെ നടപടിക്കെതിരേ എ, ഐ ഗ്രൂപ്പുകൾ
03:27 AM Feb 24, 2020 | Deepika.com