ആലപ്പുഴ: സിപിഎമ്മുമായി രാഷ്ട്രീയമായി കൈ കോർക്കാൻ ഒരിക്കലും കോണ്ഗ്രസിനാവില്ലെന്നു കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. ഡിസിസി പ്രസിഡന്റ് എം. ലിജുവിന്റെ നേതൃത്വത്തിലുള്ള ജില്ലാ പദയാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ചരിത്രത്തെയും കാലത്തെയും വഞ്ചിച്ചവരാണു സിപിഎമ്മുകാർ. കമ്യൂണിസ്റ്റ് പാർട്ടി ന്യൂനപക്ഷത്തിനൊപ്പം നിന്ന ചരിത്രമില്ലെന്നും മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി.ജനങ്ങളിൽനിന്ന് അകന്ന സർക്കാരുകളാണു കേരളവും കേന്ദ്രവും ഭരിക്കുന്നത്.
കഴിഞ്ഞ ആറു വർഷമായി മോദി സർക്കാരിന്റെ ഫാസിസ്റ്റ് ഭരണത്തിൻ കീഴിലാണ് രാജ്യം. ഇതിനെതിരേ ഉജ്വല സമരവുമായി കോണ്‍ഗ്രസ് മുന്നോട്ടുപോകും. രാജ്യത്തിനു വേണ്ടി ജീവിക്കുക അല്ലെങ്കിൽ മരിക്കുക എന്ന ഗാന്ധിയൻ മുദ്രാവാക്യത്തിനു പ്രസക്തി വർധിക്കുന്നത് ഈഘട്ടത്തിലാണ്. അവസാനത്തെ കോണ്ഗ്രസുകാരൻ വരെ ഉള്ളിടത്തോളം ജനാധിപത്യത്തെ അപകടത്തിൽപെടുത്തില്ല.
പൗരത്വ നിയമ ഭേദഗതി നടപ്പാക്കാൻ ഒരിക്കലും അനുവദിക്കില്ല. ആത്മാഭിമാനമുള്ള എല്ലാ കോണ്‍ഗ്രസുകാരും ഈ നിയമം നടപ്പാക്കുന്നതിനെതിരേ ഇന്നു തെരുവിലിറങ്ങിയിരിക്കുന്നുവെന്നും മുല്ലപ്പള്ളി കൂട്ടിച്ചേർത്തു.
സിപിഎമ്മുമായി കൈകോർക്കാൻ കോണ്‍ഗ്രസിനാകില്ല: മുല്ലപ്പള്ളി
02:04 AM Feb 24, 2020 | Deepika.com